തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളൈയിങ് സ്‌ക്വാഡ്,വീഡിയോ വ്യൂവിങ്, വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഡിഫെയ്‌സ്‌മെന്റ് ടീമുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം.കെ.രാജന്‍ ക്ലാസെടുത്തു. ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 39 ഫ്‌ളൈയിങ് സ്‌ക്വാഡുകളെയാണ് വിന്യസിക്കുക. മൂന്നു ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ വീതം ഓരോ മണ്ഡലത്തിലും ഉണ്ടാവും. 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമാണ് ജില്ലയില്‍ പ്രവര്‍ത്തനനിരതരാവുന്നത്. വീഡിയോ സര്‍വൈലന്‍സ് ടീം 13 മണ്ഡലങ്ങളിലായി ഓരോന്നു വീതം ഉണ്ടാവും. എല്ലാ സ്‌ക്വാഡുകളുടെയും പൂര്‍ണമായ വിന്യാസം ജില്ലയില്‍ ഉടനീളം ഉണ്ടാകും.
അനധികൃതമായി കൈവശം വെക്കുന്ന പണം, മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സര്‍വയ്‌ലൈന്‍സ് ടീമിന്റെ ദൗത്യം. പരിശോധനയില്‍ 50,000 ത്തിലധികം രൂപ കണ്ടെത്തിയാല്‍ പണം കണ്ടുകെട്ടി എക്‌സ്‌പെന്റിച്ചര്‍ മോണിറ്ററിംഗ് സെല്ലില്‍ ഹാജരാക്കും. പിന്നീട് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പിടുച്ചെടുക്കപ്പെട്ട പണം ഉടമസ്ഥന് കൈമാറും. ഇതിനായി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തും. പരിശോധന നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കും. അനധികൃതമായി സൂക്ഷിച്ച പണവും മദ്യവും മറ്റ് വസ്തുക്കളും കണ്ടെത്തി പിടിച്ചെടുക്കുകയാണ് ഫ്‌ളൈംഗ് സ്‌ക്വാഡിന്റെ ദൗത്യം. തെരഞ്ഞെടുപ്പ് പ്രചാരണം, ബോര്‍ഡ്, ബാനര്‍, തുടങ്ങി പ്രചരണ മാര്‍ഗ്ഗങ്ങളും പരിപാടികളും വീഡിയോയില്‍ ചിത്രീകരിക്കുകയാണ് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ ചുമതല. പിന്നീട് ഈ വീഡിയോ വഴി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞടുപ്പ് ചെലവ് കണക്കാക്കും.
ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ഡോ.ആര്‍.എല്‍.ദീപക്, അസിസ്റ്റന്റ് അക്കൗണ്ടന്‍സ് ഓഫിസര്‍മാരും മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകരുമായ എ.കെ.ധനേശന്‍, കെ.പി.ജയദേവ്, എ.കെ.കൃഷ്ണദാസ്, സി.കൃഷ്ണന്‍, കെ.എം.മധുസൂദനന്‍, ഇ.പ്രഭാകരന്‍, വി.പി.പ്രഭാകരന്‍, ബി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.