പൊതു തെരഞ്ഞെടുപ്പില്‍ ഹരിത പരിപാലന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഫ്‌ളക്‌സ് പ്രിന്റര്‍മാരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതിസൗഹൃദ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച കോടതി വിധി ലംഘിച്ചാല്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് പ്രചരണ സാമഗ്രികള്‍ നിര്‍മിക്കേണ്ടത്.
ജില്ലയ്ക്ക് വേണ്ടിയോ മറ്റു ജില്ലകള്‍ക്ക് വേണ്ടിയോ പ്രിന്റ് ചെയ്യുന്ന ഫ്‌ളക്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. പ്രിന്റ് ചെയ്തതിന്റെ ഒരു കോപ്പി, എണ്ണം, പ്രിന്റ് ചെയ്ത് വാങ്ങുന്നവരുടെ തിരിച്ചറിയല്‍ വ്യക്തമാക്കുന്ന രേഖ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. എല്ലാ ജില്ലകളിലെയും പ്രിന്റര്‍മാര്‍ ഈ വിവരങ്ങള്‍ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കണം. പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും പ്രിന്റ് ചെയ്ത് തരാമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ എത്തുന്നുണ്ട്. മറ്റു ജില്ലകളിലേക്കുള്ള ഫ്‌ളക്‌സുകള്‍ പ്രിന്റ് ചെയ്തതിന്റെ വിവരങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഈ വിവരങ്ങള്‍ ഇതര ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം കൈമാറുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റ് ചെയ്യുന്നവയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ആയി കണക്കാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഫ്‌ളക്‌സുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന അഞ്ചുതരം മെറ്റീരിയലുകള്‍ പ്രിന്റര്‍മാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കളാണ് ഫ്‌ളക്‌സിനു വേണ്ടി ഉപയോഗിക്കുന്നതെന്നും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പുന:ചംക്രമണം ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്റര്‍മാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിരീക്ഷണ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി ഗിരീഷ്, സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് അക്ബര്‍ ബാഷ, സെക്രട്ടറി മുസ്തഫ അവറു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
