പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയില്‍ മാര്‍ച്ച് 22,23 തിയ്യതികളിലായി വോട്ടിങ്ങ് ബോധവത്കരണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തെരുവുനാടകം സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷിന്റെ അധ്യക്ഷതയില്‍ ആലോചനയോഗം ചേര്‍ന്നു. പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ആറ് സ്ഥലങ്ങളിലായാണ് തെരുവ്നാടകം അവതരിപ്പിക്കുക. 22ന് രാവിലെ 10.30ന് പുതൂര്‍ ഗ്രാമപഞ്ചായത്തിലെ മുള്ളി ആല്‍ത്തറ, 11.30ന് എലച്ചിവഴി കമ്മ്യൂണിറ്റി ഹാള്‍, വൈകിട്ട് 4ന് അഗളി ഗ്രാമപഞ്ചായത്തിലെ ഊളിക്കടവ്, 23ന് രാവിലെ 10.30ന് നക്കുപ്പതി കോളനി, ഉച്ചയ്ക്ക് 2ന് ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ, വൈകിട്ട് 4.30ന് ഷോളയൂര്‍ എന്നിവിടങ്ങളിലാണ് നാടകം അരങ്ങേറുക. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ഡിഒ ആര്‍. രേണു, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ലളിത്ബാബു, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍, മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. മോഹന്‍ദാസ്, തഹസില്‍ദാര്‍ സുനില്‍മാത്യു, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം. മല്ലിക തുടങ്ങിയവര്‍ പങ്കെടുത്തു.