പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി. മേഴ്സി കോളെജില്‍ നടന്ന പരിശീലന പരിപാടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത് മുതല്‍ വോട്ടെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അവബോധം നല്‍കുക ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലനത്തില്‍ സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസെടുത്തു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ അഞ്ചിന് സൂക്ഷ്മ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവരുടെ യോഗ്യത, അയോഗ്യത സംബന്ധിച്ചും ഏതൊക്കെ സാഹചര്യങ്ങളില്‍ അയോഗ്യരാക്കാം, സൂക്ഷ്മ പരിശോധനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്നിവ സംബന്ധിച്ചും ക്ലാസില്‍ പ്രതിപാദിച്ചു. പോസ്റ്റല്‍ ബാലറ്റ് സിസ്റ്റത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പി.എ.ഷാനവാസ് ഖാന്‍ വിശദീകരിച്ചു. കൂടാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടെടുപ്പ് ദിവസത്തെ ക്രമീകരണങ്ങള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നിവയെക്കുറിച്ചും ക്ലാസുകള്‍ നല്‍കി. കെ.രതീഷ്, സെയ്ദ് മുഹമ്മദ്, കെ.പി.രമേഷ്, എം.സുരേഷ്, പി.എന്‍.ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. എ.ഡി.എം എന്‍.എം മെഹറലി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.