കനത്ത വേനൽചൂടിൽ ജില്ല വെന്തുരുകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ജലസ്രോതസുകളുടെ ദുരുപയോഗം തടയുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. താപനില ക്രമാതീതമായി ഉയർന്നതോടെ കുടിവെളള സ്രോതസുകളിലെ ജലവിതാനം ആശങ്കാജനകമായി താഴുന്ന സാഹചര്യത്തിൽ ഓരോ പ്രദേശത്തേയും ജലലഭ്യത വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വരൾച്ച പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ജലസ്രോതസുകൾ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കുടിവെളള സ്രോതസുകളിൽ നിന്ന് മറ്റാവശ്യങ്ങൾക്ക് വെളളമുപയോഗിക്കാൻ പാടിലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുഴൽകിണറുകളുടെ നിർമ്മാണവും അനുവദിക്കില്ല. പൊതു ആവശ്യങ്ങൾക്ക് കുഴൽ കിണർ കുഴിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കിയോസ്‌ക്കുകൾ സ്ഥാപിച്ച് കുടിവെളളം നൽകുന്നതിനുളള സൗകര്യവുമൊരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ പാറമടകളിൽ ശേഖരിക്കപ്പെട്ട വെളളവും ഉപയോഗപ്പെടുത്തും. ഇതിനായി ജില്ലയിലെ മുഴുവൻ പാറമടകളുടെയും ലിസ്റ്റ് തയ്യാറാക്കാൻ ജിയോളജി വകുപ്പിനോടാവശ്യപ്പെടും. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വെളളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് കുടിവെളള യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തും. ജല സംരക്ഷണവും വിനിയോഗവും സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വാർഡ് തലത്തിൽ പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണനിലയത്തിനെയും ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിനെയും ചുമതലപ്പെടുത്തി.
വരൾച്ച നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് ഓരോ താലൂക്കിലും ചുമതല നൽകും. ദിനംപ്രതി പുഴകളിലെയും അണക്കെട്ടുകളിലേയും ജല ലഭ്യതയും അന്തരീക്ഷ താപനിലയും നിരീക്ഷിക്കാൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്കാണ് ചുമതല. വന്യജീവികൾക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്തി മനുഷ്യ-മൃഗ സംഘർഷങ്ങൾ ഒഴിവാക്കാൻ വനം വന്യജീവി വകുപ്പ് ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾക്ക് ആവശ്യമായ ജലവിതരണത്തിനുളള സജ്ജീകരണങ്ങൾ മൃഗ സംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പം ഏറ്റെടുത്ത് നടത്തണം. ഭൂഗർഭ ജലവിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറക്കാൻ കൃഷി വകുപ്പ് കർഷകരെ ബോധവൽക്കരിക്കണം. കുടിവെളളത്തിന് ജലസേചനത്തേക്കാൾ മുൻഗണന നൽകണം. സർക്കാർ സ്ഥാപനങ്ങളിലെ മഴവെളള സംഭരണികൾ ഉടൻ പ്രവർത്തനക്ഷമമാക്കണം. ശുദ്ധ ജലവിതരണത്തിന് കിയോസ്‌ക്കുകൾ ലഭ്യമല്ലാത്തിടങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെളളമെത്തിക്കണം. ജല അതോറിറ്റിയുടെ അംഗീകൃത സ്രോതസ്സുകളിൽ നിന്നാണ് വെളളം ശേഖരിക്കേണ്ടത്. ജല വിതരണത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകളിൽ മലനീകരണം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. ഡെപ്യൂട്ടി കളക്ടർ ടി. ജനിൽകുമാർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.