ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിലുളള ബന്ധമാണ് സര്‍ക്കാരിനെ വിലയിരുത്തുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത്. അതിനാല്‍ നിയമപരമായി പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ പോലും സൗഹൃദപരമായി അപേക്ഷകരെ സമീപിക്കാന്‍ കഴിഞ്ഞാല്‍ പേരില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും മാതൃകയാകാന്‍ കഴിയുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. അരണാട്ടുകര വില്ലേജ് ഓഫീസ് മാതൃക വില്ലേജ് ഓഫീസായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെരുമാറ്റത്തില്‍ വിനയവും പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉണ്ടായാല്‍ ജനങ്ങളുമായി അടുപ്പം കാത്തു സൂക്ഷിക്കാന്‍ കഴിയും. വികസനത്തിന്റെ ഗുണഫലം ജനങ്ങളിലെത്തിക്കാന്‍ ജനങ്ങളേറ്റവുമധികം ആശ്രയിക്കുന്ന വില്ലേജ് ഓഫീസിന് കഴിയുമെന്നും മന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു. പുല്ലഴി-അരണാട്ടുകര വില്ലേജുകളെ വിഭജിക്കുന്നതിനുളള നടപടി പുരോഗമിക്കുകയാണ്. അധിക തസ്തിക സൃഷ്ടിക്കാതെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ നിയമിച്ച് ജോലി ഭാരം ലഘൂകരിക്കുന്നതിനുളള സംവിധാനം ആലോചിക്കുന്നുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി താക്കോല്‍ദാനം നിര്‍വഹിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം പി ശ്രീനിവാസന്‍, ഫ്രാന്‍സിസ് ചാലിശ്ശേരി, ലാലി ജെയിംസ്, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, പ്രിന്‍സി രാജു, എ പ്രസാദ്, സി.ബി.ഗീത, രജനി ബിജു എന്നിവര്‍ പങ്കെടുത്തു. 1360000 രൂപ ചെലവഴിച്ച് 857 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഓഫീസിന്റെ നിര്‍മ്മാണം ഹാബിറ്റാണ് നിര്‍വഹിച്ചത്.