നാടിനെ പച്ചപ്പിലേക്ക് തിരികെയെത്തിക്കാനും ജലസമൃദ്ധി നിലനിര്‍ത്താനും ജൈവകൃഷിയുടെ വ്യാപനത്തിലൂടെ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനും ശുചിത്വപാലനം ശീലമാക്കാനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാവുകയാണ്. കൊല്ലം കലക്‌ട്രേറ്റിന്റെ മാറിയ മുഖഛായ തന്നെയാണ് ഇതിന് സാക്ഷ്യം. ഹരിതകേരള മിഷന് മുമ്പും ശേഷവുമുള്ള  കലക്‌ട്രേറ്റിന്റെ കാഴ്ചകളടങ്ങിയ ഫോട്ടോ പ്രദര്‍ശനം മിഷന്റെ പ്രവര്‍ത്തന വിജയമാണ് അടയാളപ്പെടുത്തുന്നത്.
ശുചിത്വമിഷന്‍ കലക്‌ട്രേറ്റ് മുറ്റത്ത് ഒരുക്കിയ ചിത്രങ്ങളിലൂടെ പലതരം മാലിന്യങ്ങള്‍ തിങ്ങിയ കലക്‌ട്രേറ്റിന്റെ ഭൂതകാലം കാണാം. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ശുചിത്വപാലന പ്രവര്‍ത്തനത്തിലൂടെ ഇവിടം എങ്ങനെ മാറി എന്ന യഥാര്‍ത്ഥ്യവും ഫോട്ടോകളിലുണ്ട്. ഹരിതചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നിന്ന് ശേഖരിച്ച അര ടണ്‍ അജൈവ മാലിന്യം പാഴ്‌വസ്തു വ്യാപാരിക്ക് കൈമാറുന്ന ചടങ്ങും ചിത്രപ്രദര്‍ശനത്തോടൊപ്പം നടന്നു.
കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വന്തം വീടു പോലെ ഓഫീസ് പരിസരവും വൃത്തിയായി പരിപാലിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യകരമായ മാറ്റമാണ് ഇന്നിവിടെ കാണാനാകുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം അവയുടെ പുനരുപയോഗസാധ്യതകൂടി പ്രയോജനപ്പെടുത്തുകയുമാണ്. ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ മാതൃക പിന്തുടരാന്‍ എല്ലാവരും തയ്യാറാകണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ. ഡി. എം. കെ.ആര്‍. മണികണ്ഠന്‍, എ. ഡി. സി. ജനറല്‍ വി. സുദേശന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.