പത്തു വർഷത്തോളമായി മുടങ്ങിക്കിടന്ന സംസ്ഥാനത്തെ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തെ സംബന്ധിച്ച സർക്കാർ ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2009ൽ സ്ഥാനക്കയറ്റം ലഭിച്ച 68 അദ്ധ്യാപകരെ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ/ പ്രിൻസിപ്പാൾ തസ്തികകളിൽ നിന്ന് തരംതാഴ്ത്തിയ ശേഷം സീനിയോറിറ്റി മറികടന്ന് മേൽ തസ്തികളിൽ മുൻ സർക്കാർ സ്ഥാനക്കയറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. 2013ൽ ഹൈക്കോടതി ഉത്തരവു പ്രകാരം റദ്ദാക്കപ്പെട്ട ചില സ്‌പെഷ്യൽ റൂൾ ഭേദഗതികളെ അടിസ്ഥാനമാക്കിയായിരുന്നു സർക്കാർ നടപടി. എന്നാൽ കോടതി ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി സുപ്രീകോടതിയിൽ അദ്ധ്യാപകർ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലും 2015 ആഗസ്റ്റ് 11ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും സുപ്രീംകോടതി 2013ലെ ഹൈക്കോടതി ഉത്തരവ് റദ്ദുചെയ്തു. തുടർന്ന് അഡ്വക്കേറ്റ് ജനറലും, നിയമവകുപ്പും നൽകിയ നിയമോപദേശങ്ങളുടെ ഭാഗമായി മുൻപ് ക്രമവിരുദ്ധമായി തരംതാഴ്ത്തപ്പെട്ട അദ്ധ്യാപകരുടെ ന്യായമായ സ്ഥാനകയറ്റങ്ങൾ പുന: സ്ഥാപിച്ചും എ.ഐ.സി.ടി.ഇ  2010 ലും 2016ലും പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ചും 382 അദ്ധ്യാപകരെയും ഉൾപ്പെടുത്തിയാണ് സർക്കാർ 2019 മാർച്ച് 7ന് ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പട്ടിക വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചതിനു ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ പരാതികൾ ഉളളവർക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ മൂന്നംഗ സമിതിയെ സമീപിക്കാൻ അവസരവും ഉറപ്പാക്കിയിരുന്നു. എന്നാൽ ഇല്ലാത്ത ഉത്തരവ് പരാമർശിച്ചാണ് ഒരു മാധ്യമം തെറ്റായ വാർത്ത നൽകിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2008 മുതലുളള സ്ഥാനക്കയറ്റ ഉത്തരവുകൾ പുന:ക്രമീകരിക്കുമെന്ന് 2017 നവംബർ ഏഴിലെ ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് കോടതി റദ്ദാക്കിയിട്ടുമില്ല. ഈ ഉത്തരവിലെ നിർദേശങ്ങൾ അതേപടി നടപ്പാക്കുകയാണ് മാർച്ച് ഏഴിലെ ഉത്തരവിലൂടെ സർക്കാർ ചെയ്തത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2008 മുതൽ പ്രബല്യത്തിൽ സ്ഥാനക്കയറ്റ പട്ടികകൾ ക്രമപ്പെടുത്തേണ്ടിയിരുന്നു. ഈ കാലയളവിൽ വിരമിച്ചവരും തൊഴിൽ വിട്ടു പോയവരും പുതുക്കിയ പട്ടികയിൽ ഉൾക്കൊള്ളിക്കപ്പെടും. നിശ്ചിതയോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാതെ 2014ൽ സ്ഥാനക്കയറ്റം നേടിയ 26 പേർ തരംതാഴ്ത്തപ്പെട്ടു. 2016 ലെ സുപ്രീം കോടതി ഉത്തരവ് ഔദ്യോഗികമായി സർക്കാരിന് ലഭിക്കുന്നതിന് മുമ്പ് തിരക്കിട്ട് പുറപ്പെടുവിച്ച നിരവധി സ്ഥാനക്കയറ്റ ഉത്തരവുകളും പ്രസ്തുത ഉത്തരവിന്റെ അടസ്ഥാനത്തിൽ ക്രമവിരുദ്ധമെന്ന് കണ്ട് റദ്ദാക്കപ്പെട്ടു.