സൂക്ഷ്മ പരിശോധന, നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ എന്നിവയ്ക്ക് ശേഷം നിലവില്‍ വരുന്ന അംഗീകൃത സ്ഥാനാര്‍ഥി പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അതേ ദിവസം തന്നെ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നവും അനുവദിക്കും. ദേശീയ-സംസ്ഥാന അംഗീകൃത പാര്‍ട്ടികള്‍ക്ക് അവരുടെ പാര്‍ട്ടി ചിഹ്നം അനുവദിക്കും. സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങളാണ് നല്‍കുക. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രികയുടെ അപേക്ഷ ഫോറത്തോടൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നങ്ങളുടെ പട്ടിക ലഭിക്കും. ഈ പട്ടികയില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന മൂന്ന് ചിഹ്നങ്ങളില്‍ ഒന്ന് കമ്മിഷന്‍ അനുവദിക്കും. ഒരേ ചിഹ്നം ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം
താല്‍പ്പര്യമുളളവര്‍ക്ക് നാമനിര്‍ദേശപത്രിക ഏപ്രില്‍ എട്ട് വരെ പിന്‍വലിക്കാം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്കാണ് പത്രിക പിന്‍വലിക്കാനാവുക. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചാല്‍ അവരുടെ ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുന്നതാണ്.