സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഏഴ് ആയി. പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂഷ്മപരിശോധനയില്‍ അംഗീകരിക്കപ്പെട്ടതോടെ രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച പത്രികകള്‍ സ്വഭാവികമായി റദ്ദാക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ തൊടുപുഴ സ്വദേശി വനജയുടെ നാമനിര്‍ദേശ പത്രിക തളളി. വനജ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നതായി നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആലത്തൂര്‍ മണ്ഡലം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളളതിനാല്‍ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 1951 പ്രകാരമാണ് നാമനിര്‍ദേശ പത്രിക തളളിയത്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 10 നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. സി.പി.ഐ.(എം) ഡമ്മി സ്ഥാനാര്‍ത്ഥി വി. പൊന്നുക്കുട്ടന്‍, കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥി അജിത എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് സ്വാഭാവികമായി റദ്ദായത്.
സി.പി.ഐ.(എം) സ്ഥാനാര്‍ത്ഥി പി.കെ ബിജു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ടി വി ബാബു, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി.കൃഷ്ണന്‍കുട്ടി, ബി.എസ്.പി സ്ഥാനാര്‍ത്ഥി ജയന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി.കെ പ്രദീപ് കുമാര്‍, എ.കെ ലോചനന്‍ എന്നിവരാണ് നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ജില്ലാ വരണാധികാരി ഡി.ബാലമുരളി, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍ ചുമതലപ്പെടുത്തിയ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂഷ്മ പരിശോധന നടത്തിയത്.