ജനാധിപത്യ പ്രക്രിയയുടെ വിധി നിര്‍ണയനാള്‍ അടുത്തിരിക്കേ തുളുനാടിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് തുളുഭാഷാ തെരുവു നാടകം ശ്രദ്ധേയമായി. ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് കുറവ് പോളിങ് രേഖപ്പെടുത്താറുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ മേഖലയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സ്വീപിന്റെ നേതൃത്വത്തിലാണ് പ്രാദേശിക ഭാഷയില്‍ തെരുവ് നാടകം തയ്യാറാക്കിയത്.
വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെ പറ്റി പ്രതിപാദിക്കുന്ന നാടകം തുളു, കന്നഡ ഭാഷകള്‍ ഉള്‍പ്പെട്ട പ്രദേശിക സംസാരഭാഷയിലാണ് സംവിധാനം ചെയ്തത്. ‘നമ്മ മതദാന നമ്മ ഹക്കു'(എന്റെ വോട്ട് എന്റെ അവകാശം) എന്ന ഈ തെരുവ് നാടകം പെര്‍ള, കുമ്പള, കാസര്‍കോട് സിവില്‍ സ്റ്റേഷന്‍, കൈക്കമ്പ, ഹൊസങ്കടി എന്നിവടങ്ങളിലാണ് അവതരിപ്പിച്ചത്. തുടര്‍ ദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും നാടകം അവതരിപ്പിക്കും. അടിമത്തം അടിച്ചേല്‍പ്പിച്ച കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും ജനാധിപത്യ വ്യവസ്ഥയിലേക്ക് കടന്നു വന്ന രാജ്യത്തിന്റെ ഭൂതകാല സ്മരണകള്‍ ഓര്‍മ്മപ്പെടുത്തിയ നാടകം ജനാധിപത്യക്രമത്തില്‍ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം പ്രേക്ഷകരോട് വിളിച്ചു പറഞ്ഞു.
കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ ഓരോ പൗരനും ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായക സ്ഥാനമു്. ഈ ജനങ്ങള്‍ തന്നെയാണ് രാജ്യത്തെ ആരു നയിക്കണമെന്ന് തീരുമാനിക്കുന്നതും. ജനങ്ങളെ വില കല്‍പിക്കാത്ത ഒരു ജന്മിയും അയാളുടെ മുന്നിലൂടെ കടന്നു പോവുന്ന തൊഴിലാളിയും, മീന്‍ വില്‍പനക്കാരിയും, അധ്യാപകനും, അഭിഭാഷകനുമടക്കമുള്ള നാടകത്തിലുപയോഗിച്ചത് തുളു മേഖലയിലെ തുളു, കന്നഡ കലര്‍ന്ന പ്രാദേശിക ഭാഷയായതിനാല്‍ പ്രേക്ഷകരെ എളുപ്പത്തില്‍ നാടകത്തിലേക്ക് ആകര്‍ഷിക്കാനായി. കുമ്പളയില്‍ അവതരിപ്പിച്ച നാടകത്തിലേക്ക് ജില്ലാ കളക്ടറും പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനും കൂടി കടന്നു വന്നതോടെ വന്നതോടെ നാട്ടുകാരിലും കൗതുകമുണര്‍ത്തി. പശ്ചാത്തലത്തില്‍ മുഴങ്ങിയ സതീഷ് പട്ളയുടെ യക്ഷഗാന സംഗീതം നാടകത്തെ ഹൃദ്യമാക്കി. കോട്ടക്കാര്‍ ജ്ഞാനദീപ കലാ സാംസ്‌കാരിക സമിതിയുടെ കലാകാരന്മാരായ പി നാരായണന്‍, കീര്‍ത്തിപ്രഭ, കെ സൂര്യനാരായണന്‍, കെ വി കിരണ്‍, കെ പ്രജ്വല്‍, നിതേശ് എന്നിവരാണ് നാടകം അവതരിപ്പിച്ചത്. സ്വീപ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചു. പി നാരായണന്‍ തുളുവിലേക്ക് മാറ്റിയെഴുതി.
കുമ്പള ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച നാടകം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ് ഗണേഷ് മുഖ്യാതിഥിയായി. സ്വീപ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ്, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തെരുവു നാടകം നിയന്ത്രിച്ചു.
സിവില്‍ സ്‌റ്റേഷനില്‍ തെരുവ് നാടകം എഡിഎം: സി ബിജു ഉദ്ഘാടനം ചെയ്തു. ഹുസുര്‍ ശിരസ്തദാര്‍ നാരായന്‍ അഭിനേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.