പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയും വിവിധ ആപ്ലിക്കേഷനുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്കായി പി.ഡബ്യൂ.ഡി, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംശയനിവാരണത്തിനും മറ്റും വോട്ടേഴ്‌സ് ഹെല്‍പ്പ്‌ലൈന്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പെരുമാറ്റചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സി-വിജില്‍ ആപ്പ്
പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷനും ജില്ലാ ഭരണകൂടത്തിനും സി -വിജില്‍ അപ്ലിക്കേഷനിലൂടെ വിവരം നല്‍കാം.
പെരുമാറ്റചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് തന്റെ ഐഡന്റിറ്റി വ്യക്തമാക്കിയോ അല്ലാതെയോ സി-വിജില്‍ അപ്ലിക്കേഷന്‍ വഴിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാം. അപ്ലിക്കേഷന്‍ വഴിതന്നെ ഫോട്ടോ/വീഡിയോ എടുത്ത് അഞ്ച് മിനിറ്റിനകം തന്നെ അപ്ലോഡ് ചെയ്താല്‍ മാത്രമേ പരാതി നല്‍കാനാവൂ. നേരത്തേ ഗാലറിയില്‍ സേവ് ചെയ്ത ഫോട്ടോ, വീഡിയോ എന്നിവ അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല. വിവരങ്ങള്‍ നല്‍കുന്ന സമയത്ത് ഫോണില്‍ ജി പി എസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുവഴി തെളിവും കൃത്യമായ സമയവും സ്ഥലവും ഉള്‍പ്പെടെ പരാതി ഐ.ടി സെല്ലില്‍ പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കും. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനകം ജില്ലാ കലക്ടര്‍ ഇന്‍വെസ്റ്റിഗേറ്റിങ് സ്‌ക്വാഡിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും 15 മിനിറ്റിനകം സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്യും. 30 മിനിറ്റിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കുകയും 50 മിനിറ്റിനുള്ളില്‍ റിട്ടേണിംഗ് ഓഫീസര്‍ പരാതിക്കാരന് അന്വേഷണം നടത്തിയത് സംബന്ധിച്ച് അപ്ലിക്കേഷന്‍ വഴി മറുപടി നല്‍കുകയും ചെയ്യും. പരാതിക്കാരനെയും പരാതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അപ്ലിക്കേഷന്‍ വഴി മറ്റാര്‍ക്കും ലഭിക്കാത്തവിധം സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഐ ടി സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് അപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ ലഭിക്കുക. റവന്യൂ വകുപ്പ്, ഐ ടി മിഷന്‍, ഐ കെ എം (ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍), എന്‍ ഐ സി എന്നിവയുടെ സഹകരണത്തോടെയാണ് സി -വിജിലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരന് മറുപടി ലഭ്യമാകും.

ഭിന്നശേഷിക്കാര്‍ക്ക് പി.ഡബ്ല്യു.ഡി. ആപ്ലിക്കേഷന്‍
പൊതു തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി. (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ ഇറക്കിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെഅറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യവും ആപ്പിലുണ്ട്. പി.ഡബ്ല്യു.ഡി. വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് പി.ഡബ്ല്യു.ഡി. വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. അനുയോജ്യമായ പോളിങ് സ്റ്റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മിഷന്‍ സൗകര്യമൊരുക്കും. വീല്‍ച്ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇതിലൂടെ ആവശ്യപ്പെടാവുന്നതാണ്. പോളിങ് ബൂത്ത് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ആപ്ലിക്കേഷനിലൂടെ നല്‍കുന്നുണ്ട്.

വോട്ടേഴ്‌സ് ഹെല്‍പ്പ്‌ലൈന്‍
തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെ അറിയാം. പോളിംഗ് ബൂത്ത് സംബന്ധിച്ച സംശയനിവാരണം, തെരഞ്ഞടുപ്പ് പെരുമാറ്റചട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍, വോട്ടിങ് മെഷീനുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ , ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്ന എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാനും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസോ, ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റാനും ആപ്പ് വഴി സാധിക്കും.