ലോക കേരള സഭയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്‌സവം 2018ന്റെ ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. www.vasantholsavamkerala.org യാണ് വെബ്‌സൈറ്റ്. കനകക്കുന്ന്, നിശാഗന്ധി, സൂര്യകാന്തി എന്നിവയാണ് വേദികള്‍. ടൂറിസം, കൃഷി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയാണ് മുഖ്യസംഘാടകര്‍. ജനുവരി ഏഴു മുതല്‍ 14 വരെയാണ് മേള.
പുഷ്പങ്ങള്‍, ഔഷധ സസ്യങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ആദിവാസി ഊരുകളുടെ പുനരാവിഷ്‌കാരം, കാര്‍ഷിക ഉത്പന്നങ്ങള്‍, തേന്‍കൂട്, അക്വാമേള, ഭക്ഷ്യമേള എന്നിവയാണ് വസന്തോത്‌സവത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, കെ.ടി.ഐ.എല്‍ സി.എം.ഡി കെ.ജി. മോഹന്‍ലാല്‍, ഡി.ടി.പി.സി സെക്രട്ടറി പ്രശാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.