മെഗാ പ്രൈസ് അജ്മല്‍ ബഷീറിന് സമ്മാനിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് സ്മാര്‍ട്ട് പത്തനംതിട്ട ആപ്പിലൂടെ ജില്ലാ ഭരണകൂടം നടത്തിയ പോളിംഗ് ശതമാന പ്രവചന മത്സരത്തില്‍ പത്തനംതിട്ട കുലശേഖരപ്പേട്ട സ്വദേശി അജ്മല്‍ ബഷീര്‍ ഒന്നാം സ്ഥാനം നേടി. 74.20 ശതമാനം പോളിംഗ് പ്രവചിച്ചാണ് അജ്മല്‍ വിജയിയായത്. മെഗാ സമ്മാനമായ 25,000 രൂപയുടെ ചെക്ക്  ജില്ലാ കളക്ടര്‍ പി.ബി നൂഹ് അജ്മലിന് കൈമാറി.
ജില്ലയിലെ യഥാര്‍ഥ പോളിംഗ് ശതമാനം 74.19 ആണ്. ഇതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന 74.20 ശതമാനം എന്ന  പ്രവചനമാണ്  അജ്മലിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അജ്മല്‍. 74.08 ശതമാനം  പോളിംഗ് പ്രവചിച്ച  പത്തനംതിട്ട ഇലക്ഷന്‍ വിഭാഗത്തിലെ ജില്ലാതല പ്രോഗ്രാമര്‍ എസ്. ഫിജു  രണ്ടാം സ്ഥാനം നേടി. വോട്ടെടുപ്പ് ദിവസം രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെ ആയിരുന്നു പോളിംഗ് ശതമാനം പ്രവചിക്കാനുള്ള സമയം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് സ്മാര്‍ട് ആപ്പിന്റെ ഭാഗമായി  ഏപ്രില്‍ 17ന് ആരംഭിച്ച ക്വിസ് മത്സരം വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23 വരെയായിരുന്നു.  ദിവസവും രാത്രി ആറു മുതല്‍ ഒന്‍പതു വരെയായിരുന്നു ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനുളള സമയം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാമായിരുന്ന  മത്സരത്തില്‍ ക്വിസ് മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 2500 രൂപയും നല്‍കി. പോളിംഗ് ശതമാന പ്രവചനമായിരുന്നു ഇതിലെ മെഗാ പ്രൈസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തില്‍ ഇത് ആദ്യമാണ്. സ്വീപ്പ് വോട്ടര്‍ബോധവത്കരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനാണ് ആപ്പിലൂടെ ക്വിസ് മത്സരവും പോളിംഗ് ശതമാന പ്രവചന മത്സരവും സംഘടിപ്പിച്ചത്.