ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ദീർഘദൂര സർവീസ് നടത്തുന്ന ബസുകളിൽ പരിശോധന ശക്തമാക്കി ജില്ലാ മോട്ടോർവാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയിൽ വ്യവസ്ഥകൾ ലംഘിച്ച 216 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 3,45000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങളിലാണ് പ്രധാനമായും പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റായ വാളയാർ ടോൾ പ്ലാസയിലാണ് പരിശോധന നടത്തുന്നത്. ഒരേ സമയം മൂന്നു ടീമുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് ആർ.ടി.ഒ.യുടെ കീഴിൽ നാല് ടീമുകളും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ യുടെ കീഴിൽ മൂന്നു ടീമുകളും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ ടീമിലും രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വീതം നേതൃത്വം നൽകും.
ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. യാത്രക്കാരുടെ കൈവശമുള്ള ലഗേജുകൾക്ക് അധിക ചാർജ് ഈടാക്കുക, യാത്രക്കാരുടേതല്ലാത്ത ചരക്കുകൾ ബസുകളിൽ കടത്തുക, മുൻകൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാരെ കയറ്റുക തുടങ്ങിയ അനധികൃത നടപടികളും പരിശോധിക്കും. വാഹനങ്ങളുടെ പെർമിറ്റ്, ടാക്‌സ്, ഇൻഷുറൻസ്, ജീവനക്കാരുടെ ലൈസൻസ് എന്നിവയും പരിശോധിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കുറഞ്ഞ സമയത്തിനുള്ളിലാണ് പരിശോധന പൂർത്തിയാക്കി വാഹനങ്ങൾ വിട്ടുകൊടുക്കുന്നത്.
തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അജിത്കുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.ശിവകുമാർ, ആർ.ടി.ഒ ടി.സി.വിനേഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.