സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന്റെ നേതൃത്വത്തിൽ നാലു ദിവസത്തെ ഐസിടി പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി. ആദ്യ ബാച്ചിൽ പ്രൈമറി-അപ്പർ പ്രൈമറി വിഭാഗങ്ങളിലെ 23495 അധ്യാപകരാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 800 പരിശീലന കേന്ദ്രങ്ങളിൽ ഇന്നലെ (വെള്ളിയാഴ്ച) പരിശീലനത്തിനെത്തിയത്.
ഫലപ്രദമായ ക്ലാസ്‌റൂം വിനിമയത്തിന് ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധ്യാപകരെ പര്യാപ്തമാക്കുന്ന വിധത്തിലാണ് പരിശീലന മൊഡ്യൂൾ തയ്യാറാക്കിയിട്ടുള്ളതെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതിന് സഹായകമാകുംവിധം മൾട്ടിമീഡിയാ പ്രസന്റേഷൻ തയ്യാറാക്കൽ, ഡിജിറ്റൽ വിഭവങ്ങൾ ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കൽ, ശേഖരിച്ച വിഭവങ്ങൾ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങൾ നിർമ്മിക്കൽ, ചിത്ര വായന പോലുള്ള ബോധന തന്ത്രങ്ങൾക്കുതകുന്ന തരത്തിൽ ചിത്രം നിർമ്മിക്കൽ, ഭാഷാ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ‘സമഗ്ര’ പഠന വിഭവ പോർട്ടലിന്റെ ഉപയോഗവും സമഗ്രയിലേക്ക് പുതുതായി ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തലും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രസകരമായി ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകൾ പ്രൈമറി പരിശീലനത്തിന്റെ പ്രത്യേകതയാണ്.
ഓരോ അധ്യാപകനും ഓരോ ലാപ്‌ടോപ്പ് എന്ന നിലയിൽ സ്‌കൂളുകളിൽ നിലവിലുള്ള 23495 ലാപ്‌ടോപ്പുകൾ ഒരേ സമയം പ്രയോജനപ്പെടുത്തി 1600 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം. പ്രൈമറി – അപ്പർപ്രൈമറിയുടെ ആദ്യ ബാച്ച് ഏപ്രിൽ 30-ന് അവസാനിക്കും. തുടർന്ന് മെയ് രണ്ട്, ഏഴ്, 13 തീയതികളിൽ അടുത്ത ബാച്ചുകൾ നടക്കും. ഹയർ സെക്കൻഡറി – വി.എച്ച്.എസ്.ഇ അധ്യാപകർക്കുള്ള പരിശീലനം മേയ് 13 മുതലും ഹൈസ്‌കൂൾ അധ്യാപകർക്കുള്ള പരിശീലനം മെയ് 17 മുതലും ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഒന്നരലക്ഷത്തോളം അധ്യാപകർക്ക് ഓൺലൈനായി കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാൻ കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ബൃഹത്തായ അധ്യാപക ഐടി പരിശീലന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.