കേരള ലളിതകലാ അക്കാദമി തൃശ്ശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ വിബിന്‍ ബാലകൃഷ്ണന്റെ
‘റിച്ച്വലിസം’ ഫോട്ടോഗ്രാഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 2019 മെയ് 6 രാവിലെ 11 മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഡോ. ഉണ്ണി പുളിക്കല്‍, പ്രവീണ്‍ പി. മോഹന്‍ദാസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
അനുദിനം മാറികൊണ്ടിരിക്കുന്ന കേരളീയ ക്ഷേത്രകലകളുടെയും ആചാരങ്ങളുടെയും
കാലാനുവര്‍ത്തിയായ നൈരന്തര്യത്തെ ഛായാഗ്രഹണഭാഷയിലൂടെ രേഖപ്പെടുത്തുകയാണ് വിബിന്‍ ബാലകൃഷ്ണന്‍. ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ തെളിഞ്ഞു കത്തുന്ന നാളങ്ങളാക്കുന്ന കലയാണ് ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയെന്ന് വിബിന്‍ അഭിപ്രായപ്പെടുന്നു.
എക്കാലത്തും കേരളീയ സാംസ്‌കാരിക ജീവിതത്തിന്റെ നട്ടെല്ലായിരുന്ന ക്ഷേത്രകലകളാണ് തന്റെ ഇഷ്ടവിഷയമെന്നു പറയുന്ന വിബിന്‍ ബാലകൃഷ്ണന്‍ രംഗകലകളും സംഗീതവും നാടന്‍കലകളും അനുഷ്ഠാനകലകളും ശാസ്ത്രീകലകളും എല്ലാം ഇടകലര്‍ന്ന, വിശ്വാസവും മാനസികോല്ലാസവും ഒന്നുചേരുന്ന ഉത്സവങ്ങള്‍ ജനകീയ കലാപ്രവര്‍ത്തനത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നുവെന്നും അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരുടെ ജീവിതത്തെയും വിശ്വാസത്തെയും സര്‍ഗ്ഗാത്മകതയേയും ബന്ധിപ്പിക്കുന്ന നനുത്ത നൂലുകളാണ് തന്റെ ചിത്രങ്ങളെന്നും വിബിന്‍
അഭിപ്രായപ്പെടുന്നു. ക്ഷേത്രകലകളുടെ നാല്പത് ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം മെയ് 12 ന് സമാപിക്കും.