ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുളള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. ഗവണ്‍മെന്റ് സെക്രട്ടറി പി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന്റെ ഭാഗമായി ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി  തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ശുചിത്വ സമിതികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
കളക്ടറേറ്റ്,  ജനറല്‍ ആശുപത്രി, മറ്റു പൊതു സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുന്നതിന് ശുചിത്വ മിഷന് നിര്‍ദേശം നല്‍കി. എല്ലാ വാര്‍ഡ് തലത്തിലും ആരോഗ്യ സേനകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച  ജില്ലാ കളക്ടര്‍ പി ബി നൂഹ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജക്ക് നിര്‍ദേശം നല്‍കി. ഓരോ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രം മുഖേന ശുചിത്വ മാപ്പിംഗ് നടത്തിവരുന്നതായി ഡിഎംഒ(ആരോഗ്യം) പറഞ്ഞു. മഴക്കാലപൂര്‍വ പ്രവര്‍ത്തന കര്‍മ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ശുചിത്വ മിഷന്‍, എന്‍ എച്ച് എം, പഞ്ചായത്ത് എന്നിവ മുഖേന 25000 രൂപ ഓരോ വര്‍ഡിലേക്കും അനുവദിച്ചു.
രോഗനിരീക്ഷണം, കൊതുക് നശീകരണം എന്നിവ കാര്യക്ഷമമാക്കുന്നതു വഴി പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും, മരുന്നിന്റെയും രോഗനിയന്ത്രണത്തിനുളള സാധനസാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. മഴക്കാലത്തിനു മുന്നോടിയായി എല്ലാ കുടിവെളള സ്രോതസുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കും. കുടിവെളള സ്രോതസുകള്‍ ശുചിയാക്കുന്നതിനായി ക്ലോറിനേഷന്‍ നടത്തുമെന്നും, മഴക്കാല രോഗപ്രതിരോധ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതായും ഡിഎംഒ പറഞ്ഞു. ഈ മാസം 12 വരെ ജില്ലയില്‍ കുഷ്ഠരോഗ നിര്‍മാര്‍ജന തീവ്രയജ്ഞം നടക്കും. പൊതു സ്ഥലങ്ങളിലും വീടുകളിലും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുകയാണ്. ആഴ്ചയില്‍ ഒരു തവണ വകുപ്പ്തല അവലോകനയോഗങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
സബ് കളക്ടര്‍ ഡോ വിനയ് ഗോയല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ രശ്മി മോള്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി എസ് നന്ദിനി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.