മുളന്തുരുത്തി:   പാരമ്പര്യ കാർഷിക അറിവുകളുടെ ശക്തിയും സമൃദ്ധിയും വിളിച്ചോതി ‘ചോറിനൊരു കൂട്ടാൻ നാടാകെ’ പദ്ധതിയുടെ വിളവെടുപ്പുത്സവം. ജൈവ കൃഷി വ്യാപനം ലക്ഷ്യമിട്ട് തുരുത്തിക്കര അഗ്രോ സർവ്വീസ് സൊസൈറ്റി ആരംഭിച്ച പദ്ധതിയുടെ വിളവെടുപ്പുത്സവം സിനിമാതാരം  ഹരിശ്രീ അശോകൻ തുപ്പുംപടി പണിക്കരുവീട്ടിൽ അർജുനൻകുട്ടിയുടെ വീട്ടിൽ നിർവ്വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് പാരമ്പര്യ കാർഷിക ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടേയും പ്രദർശനം ഒരുക്കിയിരുന്നു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ വിളവെടുപ്പുത്സവത്തിലും പ്രദർശനത്തിലും പങ്കെടുത്തു.
വിഷരഹിത പച്ചക്കറി ഗ്രാമം ലക്ഷ്യമിട്ടു 2015ലാണ് സൊസൈറ്റി പദ്ധതി ആരംഭിച്ചത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ  ഒന്നേകാൽ ഏക്കറിൽ ജൈവകൃഷി നടത്തിവരുന്നു. ഇതിനുപുറമേ ഇരുപത് വീടുകളിൽ പച്ചക്കറികൃഷിയും നടത്തുന്നുണ്ട്. അടുക്കളത്തോട്ടം ഒരുക്കുവാൻ താല്പര്യമുള്ള ആളുകൾ സൊസൈറ്റിയെ സമീപിച്ചാൽ സൗജന്യമായി വീട്ടുവളപ്പിൽ പച്ചക്കറി തോട്ടം ഒരുക്കിക്കൊടുക്കും. വീട്ടുകാർ ഇവയെ ശരിയായ രീതിയിൽ പരിപാലിച്ചാൽ മതി. പരിപാലന രീതിയും ജൈവകീടനാശിനി  തയ്യാറാക്കലും അടക്കം ആവശ്യമായ നിർദ്ദേശങ്ങൾ പ്രവർത്തകർ പറഞ്ഞുതരും. ഉല്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കി കർഷകർക്ക് ലാഭം നേടിക്കൊടുക്കാനും സൊസൈറ്റി കൂടെയുണ്ട്. ആഘോഷവേളകളിലും ഓണം, വിഷു സീസണുകളിലും സൊസൈറ്റി സ്റ്റാളുകൾ ഒരുക്കി കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കും. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ക്ലാസുകൾ സംഘടിപ്പിക്കുക, സംശയനിവാരണം നടത്തുക എന്നിങ്ങനെ ഈ രംഗത്ത് വലിയ സംഭാവനകളാണ് സൊസൈറ്റി കാഴ്ച്ചവെക്കുന്നത്.
ജൈവ കൃഷി വിജ്ഞാന വ്യാപനത്തിൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നത് പണിക്കരുവീട്ടിൽ അർജുനൻകുട്ടിയാണ്. ഇദ്ദേഹത്തിന്റെ ഇരുപത് സെന്റ് പുരയിടം  ഒരു മാതൃകാ ജൈവകൃഷി തോട്ടമാണ് .ജൈവകൃഷിയിൽ മികച്ച വിളവ് സാധ്യമാണോ എന്ന സംശയം ഈ കൃഷിയിടം സന്ദർശിച്ചാൽ  ഉണ്ടാകില്ല. അതിന് ഏറ്റവും നല്ല ഉദാഹരണം അർജ്ജുനൻകുട്ടിയുടെ പാവൽ കൃഷിയാണ്. പുഴുക്കുത്തേക്കാൻ ഏറെ സാധ്യതയുള്ള  പാവൽചെടി ജൈവരീതിയിൽ പരിപാലിച്ച് മികച്ച വിളവ് അദ്ദേഹം സാധ്യമാക്കുന്നു.
രാസകീടനാശിനികളെ മാറ്റിനിർത്തി ജൈവകൃഷിരീതി അവലംബിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് അർജ്ജുനൻകുട്ടിയോട് ചോദിച്ചാൽ  അദ്ദേഹം ഊന്നൽ നൽകുന്നത് മികച്ച പരിപാലനത്തിൽ തന്നെയാണ്. പച്ചക്കറി തൈകളെ നന്നായി ശ്രദ്ധിച്ചാൽ പല കീടങ്ങളെയും നമുക്കുതന്നെ പിടികൂടി നശിപ്പിക്കാനാവും. അടുക്കളത്തോട്ടങ്ങളിൽ നല്ലൊരു ശതമാനം കീടങ്ങളെയും നശിപ്പിക്കുവാനും കഴുകി കളയുവാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
  ജൈവ കീടനാശിനി ഫലപ്രദമല്ല എന്ന് പറയുന്നത് അവയുടെ ശരിയായ ഉപയോഗരീതി അറിയാത്തതിനാലാണ്. ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന പുകയില കീടനാശിനി തന്നെ പലരും തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. കീടനാശിനി തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന വിവിധ മിശ്രിതങ്ങൾ അവ ഉപയോഗിക്കുന്ന സമയത്താണ് യോജിപ്പിക്കേണ്ടത്. പുകയില ലായനിയും വേപ്പെണ്ണയും സോപ്പ് ലായനിയും വേർതിരിച്ച് സൂക്ഷിക്കണം.  ഇവ മിശ്രിതമായി സൂക്ഷിക്കുന്നത് പൊതുവായി കാണുന്ന തെറ്റായ രീതിയാണ്. വിവിധ ലായനികൾ തളിക്കുന്നതിന് മുൻപ് മാത്രമേ യോജിപ്പിക്കാവൂ. ജൈവ കീടനാശിനികൾ തയ്യാറാക്കിയാൽ ഉടൻ പ്രയോഗിക്കണം. ഒറ്റപ്രാവശ്യം കീടനാശിനി പ്രയോഗം നടത്തുന്നതിന് പകരം രണ്ടോ മൂന്നോ പ്രാവശ്യം പ്രയോഗിക്കണം. കുറഞ്ഞ ചെലവിൽ കർഷകർക്ക് തന്നെ തയ്യാറാക്കാവുന്ന നിരവധി ജൈവ കീടനാശിനികൾ ഉണ്ട്. ജൈവരീതിയിൽ കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ ഇവർ സദാ സന്നദ്ധരാണ്.
 മുളന്തുരുത്തി ആമ്പല്ലൂർ പഞ്ചായത്തുകളിൽ ഏഴ് പുരയിടങ്ങളിലായി നടന്ന വിളവെടുപ്പ് ഉത്സവത്തിൽ മുളന്തുരുത്തി കൃഷി ഓഫീസർ എം. ജ്യോത്സ്ന, അഗ്രോ സർവ്വീസ് സൊസൈറ്റി പ്രസിഡൻറ് വേണു മുളന്തുരുത്തി, സെക്രട്ടറി ബാബു ഞാറുകാട്ടിൽ, ബോർഡ് അംഗങ്ങളായ എം.എം ജയൻ, കുട്ടിയമ്മ തമ്പി തുടങ്ങിയവർ പങ്കെടുത്തു.