കൊച്ചി: ഹരിത കേരളം മിഷൻ, കുടുംബശ്രീ മിഷൻ, ആരോഗ്യ വകുപ്പ്, കില, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പെൻസിൽ ക്യാമ്പിന് പറവൂർ ബ്ലോക്കിൽ തുടക്കമായി. 2018 ലെ അവധിക്കാലത്ത് നടത്തിയ ജാഗ്രതോത്സവത്തിന്റെ തുടർച്ചയായാണ് സംസ്ഥാന തലം മുതൽ ബ്ലോക്ക് തലം വരെ ദ്വിദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ടതും പൂർണ്ണമായും ഉപയോഗിച്ച് തീർക്കാം എന്നുള്ളതുമാണ് പെൻസിലിന്റെ സവിശേഷത. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികളിൽ വളർത്താനും ലക്ഷ്യമിട്ടിട്ടുള്ള ക്യാമ്പിന് ‘പെൻസിൽ’ എന്ന പേര് നൽകിയതും അതിനാലാണ്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം,  കോട്ടുവള്ളി, ഏഴിക്കര എന്നീ പഞ്ചായത്തുകളിലെ വാർഡുകളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാർക്കാണ് പരിപാടിയിൽ പരിശീലനം നൽകിയത്. ബ്ലോക്ക് തലത്തിൽ പരിശീലനം ലഭിച്ചവരാണ് വാർഡ് തലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മാലിന്യങ്ങളെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളുടെ അനുഭവമാക്കി മാറ്റുക, പാഴ് വസ്തുക്കൾ മാലിന്യമായി മാറുന്ന സാഹചര്യം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, മാലിന്യങ്ങളുടെ അളവ് കുറക്കൽ, പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ എന്നീ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക, മാലിന്യവുമായി ബന്ധപ്പെട്ട വിവിധതരം നിയമ ലംഘനങ്ങളെയും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് കുട്ടികളിൽ ധാരണ വളർത്തുകയും നിയമ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷി വളർത്തുകയും ചെയ്യുക, അശ്രദ്ധയോടെയുള്ളതും അശാസ്ത്രീയവുമായ മാലിന്യ പരിപാലനം സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്ന ശീലം വളർത്തുക എന്നിവയാണ് പ്രധാനമായും പെൻസിൽ ക്യാമ്പിന്റെ ലക്ഷ്യങ്ങൾ.
സംസ്ഥാന തലം മുതൽ ബ്ലോക്ക് തലം വരെ നടത്തുന്ന പരിശീലന പരിപാടികളിൽ പൂർണമായും പങ്കെടുത്തവർ മാത്രമാണ് ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടത്. കുടുംബശ്രീ, ബാലസഭ അംഗങ്ങൾ എന്നിവരാണ് ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. കിലയാണ് പരിശീലന പരിപാടിയുടെ ചെലവുകൾ വഹിക്കുന്നത്. ചക്ക, മാങ്ങ എന്നിവ ധാരാളം ലഭിക്കുന്ന കാലമായതിനാൽ അവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളാണ് കുട്ടികൾക്ക് ക്യാമ്പുകളിൽ ഭക്ഷണമായി നല്കുന്നത്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ആയിരിക്കും ഭക്ഷണം തയ്യാറാക്കുന്നത്. കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരും മെന്റർമാരുമാണ് പെൻസിൽ ക്യാമ്പിന് നേതൃത്വം നൽകുക. ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികളെ വാർഡിലെ ശുചിത്വ അംബാസിഡർമാരാക്കുന്ന തുടർപ്രവർത്തനം ക്യാമ്പുകളിലൂടെ ആസൂത്രണം ചെയ്യും.
കുട്ടികളുടെ സഭാകമ്പം മാറ്റൽ, മാലിന്യ സംസ്കരണത്തെപ്പറ്റി അറിവ് നൽകൽ, പാഴ് വസ്തുക്കളെ കൃത്യമായി ശേഖരിച്ച് തരംതിരിച്ച് സൂക്ഷിച്ചാൽ മലിനീകരണ പ്രശ്നം ഒഴിവാക്കാൻ കഴിയും എന്ന സന്ദേശം നൽകൽ, ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കൽ, സംഘ പ്രവർത്തന ശീലം വളർത്തൽ, ആത്മവിശ്വാസം വളർത്തൽ, പാരിസ്ഥിതിക അവബോധം സൃഷ്ടിക്കൽ എന്നീ പ്രവർത്തനങ്ങൾ ക്യാമ്പുകളിൽ നടക്കും. പരിശീലന പരിപാടിയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ഗാനങ്ങൾ സംഘം തിരിഞ്ഞ് ആലപിക്കുകയും പഠിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളുടെ പരിശീലനവും നൽകി.
കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ സഫീറ അസീസ്, അയൽക്കൂട്ട അംഗങ്ങളായ ഉഷ അനിൽകുമാർ, പ്രസീദ, സി.ഡി.എസ് അംഗങ്ങളായ ഉഷ ശ്രീദാസ്, അജിത ബാബുരാജ്, സിൽവി ബേസിൽ, ഷൈജ സജീവ്, അധ്യാപികമാരായ ഇന്ദിര, സരിത എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.