കോതമംഗലം: സംസ്ഥാന സർക്കാരിന്റെ ജല രക്ഷാ പദ്ധതിയുടെ ഭാഗമായി അഗ്നി രക്ഷാ സേനയും പിണ്ടിമന പഞ്ചായത്തും സംയുക്തമായി വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലം നിരവധി പുഴകൾ തോടുകൾ കനാലുകൾ ചിറകൾ കുളങ്ങൾ എന്നിങ്ങനെ ധാരാളം ജലാശയങ്ങൾ നിറഞ്ഞ പ്രദേശമാണ് . സമീപകാലത്ത് നിരവധി വിദ്യാർത്ഥികൾക്ക് ഈ ജലാശയങ്ങളിൽ വീണ് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.  വടാട്ടുപാറ പലവൻ പുഴയിൽ നാലു വിദ്യാർത്ഥികൾ ഒഴുക്കിൽ പെടുകയും രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ ജല രക്ഷാ പദ്ധതിയുടെ ഭാഗമായി
 കോതമംഗലം നഗരസഭയിലെയും സമീപത്തുള്ള 8 പഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്ക് പിണ്ടിമന കരിങ്ങഴ പാഠംമാലി തടയണയിൽ വച്ച് പിണ്ടിമന ഗ്രാമ പഞ്ചായത്തും
കോതമംഗലം അഗ്നി രക്ഷാ സേനയും സംയുക്തമായി നീന്തൽ പരിശീലനം നൽകുന്നത്.
എല്ലാ ദിവസവും രാവിലെ 7 മുതൽ 10 വരെയാണ് പരിശീലനം. കോതമംഗലം അഗ്നി രക്ഷാ നിലയത്തിന്റെ കീഴിൽ വിവിധ നിലയങ്ങളിലെ ജീവനക്കാരാണ് പരിശീലനം നല്കുന്നത്.
ജലാശയങ്ങളിൽ അകപ്പെട്ടാൽ സ്വരക്ഷക്കു പ്രാപ്തരാക്കുന്നതിനൊപ്പം അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനും ഈ അവധിക്കാലത്ത് കുട്ടികളെ പരിശീലിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒഴുക്കുള്ള തടയണയായതിനാൽ സ്വിമ്മിംഗ് പൂളിലെ നീന്തൽ പരിശീലനത്തിൽ നിന്നും വ്യത്യസ്ഥമായി ഒഴുക്കുള്ള പുഴകൾ തോടുകൾ കനാലുകൾ എന്നിവയിൽ നീന്താനും രക്ഷാപ്രവർത്തനം നത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കാനാകും എന്നാണ് സേനയുടെ വിശ്വാസം. 150 ൽ പരം കുട്ടികൾ ഇപ്പോൾ പരിശീലനത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശീലനത്തിനായി പുതിയ കുട്ടികളും വന്നു ചേരുന്നുണ്ട്.