ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് പത്തനംതിട്ട ജില്ല. 99.34 ശതമാനം എന്ന അഭിമാനകരമായ നേട്ടമാണ് ജില്ല കൈവരിച്ചത്. സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണിത്.
ജില്ലയില്‍നിന്നും ഇത്തവണ 10852 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 10780 പേരും വിജയിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത് 890 കുട്ടികള്‍ക്കാണ്. ഇതില്‍ 295 ആണ്‍കുട്ടികളും 595 പെണ്‍കുട്ടികളുമുണ്ട്. ജില്ലയില്‍നിന്നും പരീക്ഷ എഴുതിയ 5638 ആണ്‍കുട്ടികളില്‍ 5591 പേരും ഉപരിപഠനത്തിന് അര്‍ഹരായി. 5214 പെണ്‍കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതിയത്. അതില്‍ 5189 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
130 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ച് ജില്ലയുടെ നേട്ടത്തില്‍ പങ്കാളികളായി. ഇതില്‍ 42 എണ്ണം സര്‍ക്കാര്‍ മേഖലയിലും 81 എണ്ണം എയ്ഡഡ് മേഖലയിലുമാണെന്നത് വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ള 50 സ്‌കൂളുകളില്‍ 42 എണ്ണവും 100 ശതമാനം വിജയം കൊയ്‌തെടുക്കുകയായിരുന്നു. അണ്‍ എയ്ഡഡ് മേഖലയില്‍ ഏഴ് സ്‌കൂളുകളും 100 ശതമാനം വിജയം നേടിയിട്ടുണ്ട്.
നന്ദി എല്ലാ ജില്ലക്കാര്‍ക്കും: വിദ്യാഭ്യാസ ഉപഡയറക്ടര്‍
അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കുന്നതിന് പത്തനംതിട്ട ജില്ലയ്ക്ക് എല്ലാ ജില്ലക്കാരുടേയും സംഘടനകളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചതായി പത്തനംതിട്ട-തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ. ശാന്തമ്മ. ഇതിന് എല്ലാവരോടും നന്ദി പറയുന്നു.
പ്രളയത്തില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അതില്‍നിന്നും കരകയറാന്‍ എല്ലാ ഭാഗത്തുനിന്നും നിര്‍ലോഭം പിന്തുണകിട്ടി. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇതില്‍ തിരുവല്ല ഭാഗത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കുട്ടികളുടെ പഠനസമയം മാത്രമല്ല, പഠനോപകരണങ്ങള്‍ അടക്കമാണ് നഷ്ടമായത്. പ്രളയശേഷം ഇതൊക്കെ തിരിച്ചുപിടിക്കാന്‍ ഭഗീരഥ പ്രയത്‌നംതന്നെ വേണ്ടിവന്നു.
മറ്റു ജില്ലക്കാര്‍, പ്രത്യേകിച്ച് കൊല്ലം ജില്ലക്കാരാണ് കുട്ടികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ മുഴുവന്‍ എഴുതിതന്നത്. സമയത്തിനുതന്നെ പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും കഴിഞ്ഞു. യൂണിഫോം അടക്കമുള്ള എല്ലാ കാര്യങ്ങളും പിടിഐ, അധ്യാപകസംഘടനകള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവര്‍ സ്വരൂപിച്ചു നല്‍കുകയായിരുന്നു.
നഷ്ടമായ ക്ലാസുകള്‍ക്ക് പകരം സംവിധാനം ഉണ്ടാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ജില്ലാതലത്തില്‍തന്നെ ഒരു സമിതിയുണ്ടാക്കുകയും സമിതിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഉപജില്ലകളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയുമായിരുന്നു. ശനിയാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും ക്ലാസുകള്‍ എടുക്കുകയായിരുന്നു ഒരു മാര്‍ഗം. ഒപ്പം സ്‌കൂള്‍ സമയത്തില്‍ വര്‍ധനവ് വരുത്തുക എന്നതും. രാവിലെ ഏട്ടിനും 8.30 നുമിടക്കുതന്നെ എല്ലാ സ്‌കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കാനുള്ള സംവിധാനമൊരുക്കി. ഇത് വൈകിട്ട് അഞ്ചുവരെ നീളും. ചില സ്‌കൂളുകളില്‍ ആറുവരേയും. ഇതിനു പുറമേ മിക്ക സ്‌കൂളുകളിലും രാത്രികാല ക്ലാസുകളും കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
ഇതിന്റെ നേട്ടം റിസല്‍ട്ടില്‍ കാണാം. ജില്ലയില്‍ ആകെയുള്ള 50 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 42 ഉം നൂറ് ശതമാനം വിജയമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.
പ്രതിസന്ധി കാലഘട്ടത്തിലും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്ത് എത്താന്‍ പത്തനംതിട്ടയ്ക്ക് കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നുവെന്നും ഉപഡയറക്ടര്‍ പി.എ. ശാന്തമ്മ പറഞ്ഞു.