കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിന് പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ അറിയിച്ചു. പരാതി എഴുതി നല്‍കി ആരെന്ന് വെളിപ്പെടുത്താതെ തന്നെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സേവനങ്ങള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്. വിവരം അറിയിക്കുന്ന ആളെ സംബന്ധ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഈയിടെ കൂടിവരുന്ന സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അങ്കണവാടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പോലീസ്, സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹൗസിങ് കോളനി പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവര്‍ത്തനം.
കാണാതാവുകയോ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ലൈംഗിക, ശാരീരിക, മാനസിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികള്‍, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികള്‍, സ്‌കൂളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം തുടരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നുണ്ട്. ജില്ലാതലത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വവും നല്‍കുന്നുണ്ട്. ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് കുട്ടികളെ വളര്‍ത്താന്‍ സാധിക്കാത്ത കുടുംബങ്ങളിലെ കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി ജില്ലാതലത്തില്‍ നടപ്പിലാക്കി വരികയും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തലും മേല്‍നോട്ടവും യൂണിറ്റ്് നടത്തുന്നുണ്ട്. കൂടാതെ ജില്ലാ, ബ്ലോക്ക,് പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ രൂപീകരണവും പ്രവര്‍ത്തനവും ഉറപ്പുവരുത്തുകയും ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ,് നിയമസഹായം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.