ആരോഗ്യജാഗ്രത – 2019ന്റെ ഭാഗമായി ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരമെന്ന സന്ദേശത്തോടെ മെയ് 11, 12 തിയതികളില്‍ ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തീവ്രശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പാഴ് വസ്തു വ്യാപാരികള്‍, അംഗന്‍വാടി-ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളി സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് തീവ്രശുചീകരണ യജ്ഞം നടപ്പാക്കുന്നത്.
ജലസ്രോതസുകള്‍, റോഡുകള്‍, വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാഗങ്ങള്‍, പൊതുസ്ഥലങ്ങളായ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, സ്‌ക്കൂള്‍, പാര്‍ക്കുകള്‍, ഗ്രൗണ്ടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, അംഗന്‍വാടികള്‍, ഡ്രൈനേജുകള്‍, വെള്ളകെട്ടുള്ള പ്രദേശങ്ങള്‍, കനാലുകള്‍, രോഗവ്യാപനം കണ്ടെത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, ടാങ്കുകള്‍, പമ്പിംഗ് സ്റ്റേഷനുകള്‍, ശൗചാലയങ്ങള്‍, ഹെല്‍ത്ത്സെന്ററുകള്‍, ചെറിയകുറ്റിക്കാടുകള്‍, സര്‍ക്കാര്‍ വക ക്വാട്ടേഴ്സുകള്‍, ഉപയോഗരഹിതമായ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയാണ് പ്രധാനമായും ശുചീകരിക്കുക.
തീവ്രശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേശീയപാതയുടെയും മറ്റ് പ്രധാന റോഡുകളുടെയും ഇരുവശങ്ങളിലുമായി നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഉത്തരവാദപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്പെഷ്യല്‍ ഡ്രൈവിലൂടെ നീക്കംചെയ്യുകയും തുടര്‍ മാലിന്യനിക്ഷേപങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഉന്നതതല യോഗത്തില്‍ നിര്‍ദേശം ലഭിച്ചതായി ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ആ പ്രദേശത്തുവെച്ചു തന്നെ ജൈവം-അജൈവം എന്ന രീതിയില്‍ തരംതിരിച്ച് ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റിംഗ് സംവിധാനത്തിലേക്കും അജൈവ മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് വക മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേയ്ക്കും കൊണ്ടുപോകും. ഇവ വൃത്തിയാക്കി ഉണക്കി സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യും. ഇവയില്‍ വില്‍ക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ പാഴ്വസ്തു വ്യാപാരികള്‍ക്ക് നല്‍കും.
കുടിവെള്ളസ്രോതസ്സുകളില്‍ വാട്ടര്‍ അതോറിറ്റി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ക്ലോറിനേഷനും കൊതുക് നിവാരണത്തിനായി ഫോഗിങ്ങും നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വിതറുകയും ചെയ്യും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. തീവ്രശുചീകരണ യജ്ഞത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധികാര പരിധിയിലെ പ്രദേശങ്ങളില്‍ സന്നദ്ധസംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കാനും ഉന്നതതല യോഗത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
