നാടുണര്‍ന്നു കൈകോര്‍ത്തതോടെ ജില്ലയിലെ പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അപ്രത്യക്ഷമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രശുചീകരണ യജ്ഞത്തില്‍ പുതുതലമുറയുടെ പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ പങ്കെടുത്തത്. ആരോഗ്യജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തലപ്പാടിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എ ഡി എം ,സി ബിജുവും കാലിക്കടവ് സബ് കളക്ടര്‍ അരുണ്‍ കെ വിജയനും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍,അംഗങ്ങള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാവിലെ ഏഴു മുതല്‍ 9.30 വരെ നടന്ന ശുചീകരണത്തില്‍ ജില്ലയിലെ 229.8 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പാതയോരങ്ങളില്‍ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,യൂത്ത് ക്ലബുകള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍,മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. 76.8 കിലോമീറ്റര്‍ദേശീയ പാതയിലെയും 29 കിലോമീറ്റര്‍ കെഎസ് ടി പി റോഡിലെയും 33 കിലോമീറ്റര്‍ സംസ്ഥാന പാതയിലെയും 91 കിലോമീറ്റര്‍ പ്രധാന ജില്ലാ റോഡുകളിലെയും വശങ്ങളിലുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ആവശ്യമായ മാസ്‌ക്, കയ്യുറ, ചാക്ക എന്നിവ ജില്ലാ ശുചിത്വമിഷനാണ് നല്‍കിയത് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പും രംഗത്തുണ്ടായിരുന്നു.തലപ്പാടിയി ല്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജോണ്‍ വര്‍ഗീസ്, പിഡ്ബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി ജെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തലപ്പാടി മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയ പാതയോരത്തെ മാലിന്യം നീക്കം ചെയ്യാന്‍ കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസിലെ 52 സ്റ്റുഡന്റ് പൊലീസ്‌കേഡറ്റുകള്‍ അണി നിരന്നു.
ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി രാധാകൃഷ്ണന്‍, ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രമണ്യന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍,ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ വി രഞ്ജിത്ത്,കാസര്‍കോട് തഹസില്‍ദാര്‍ ഷാഹുല്‍ ഹമീദ് , ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍,എസ്പിസി കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ ഉമേശ് നായക്, എസിപിഒ പി ജി അനിത എന്നിവര്‍ വിവിധയിടങ്ങളില്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കി. 4000 പേരാണ് യജ്ഞത്തില്‍ പങ്കാളികളായത്.
ശുചീകരണം പുണ്യപ്രവര്‍ത്തനം: ജില്ലാ കളക്ടര്‍
സ്വന്തം ഉത്തരവാദിത്തമായ മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നത് മഹാപാപമാണെന്നും ഇത്തരം മാലിന്യം നീക്കം ചെയ്യുന്നതിലൂടെ വലിയ പുണ്യപ്രവര്‍ത്തനമാണ് ഓരോരുത്തരും നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ യജ്ഞം തലപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെയോ ചെയ്ത പാപമാണ് പാതയോരങ്ങളില്‍ മാലിന്യമായി കുമിഞ്ഞു കൂടുന്നത്. പുണ്യപ്രവര്‍ത്തനങ്ങളെ കുറിച്ച് വാചാലരാവുന്നവര്‍ തന്നെ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അത്തരക്കാര്‍ പ്രകൃതിയോടും സമൂഹത്തോടും മഹാപാപമാണ് ചെയ്യുന്നത്. സാമൂഹിക ദ്രോഹികള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരണം നടത്തുന്നത് മഹത്തായ പുണ്യകര്‍മ്മവും സാമൂഹിക സേവനവുമാണ്. ഈ സാമൂഹിക ബാധ്യത നിറവേറ്റാന്‍ പൊതുസമൂഹം മുന്നോട്ടു വരണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
മാലിന്യം നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവ്
വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരടങ്ങുന്ന സ്ത്രീ സമൂഹവും നാട്ടുകാരും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം വീണ്ടും ആരെങ്കിലും പൊതുയിടങ്ങളിലും പാതയോരങ്ങളിലും മറ്റും മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കുറ്റക്കാര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിക്കും. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നടപടിയെടുക്കുന്നത്. പൊലീസ്, റവന്യു, ഗ്രാമപഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡ.് വനമേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്‌ക്വാഡില്‍ ഉണ്ടാകും.

പാതയോരങ്ങളില്‍ നിന്ന് നീക്കം ചെയ്തത്
15 ടണ്‍ മാലിന്യങ്ങള്‍
ജില്ലാഭരണകൂടം സംഘടിപ്പിച്ച തീവ്രശുചീകരണ യജ്ഞത്തില്‍ ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ നിന്നു നീക്കം ചെയ്തത് 15 ടണ്‍ മാലിന്യങ്ങള്‍. ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ ജനങ്ങള്‍ ഒരേ മനസ്സോടെ രംഗത്തിറങ്ങി. ഇതുപ്രകാരം 229.8 കിലോമീറ്റര്‍ പാതയോരത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. 11 ടണ്‍ അജൈവ മാലിന്യങ്ങളും, 4 ടണ്‍ ജൈവമാലിന്യങ്ങളുമാണ് ലഭിച്ചത്. ജൈവമാലിന്യങ്ങള്‍ അതത് പഞ്ചായത്ത്,നഗരസഭ പരിധിയിലുള്ള സ്ഥലങ്ങളില്‍ താത്ക്കാലികമായി സൂക്ഷിക്കുകയും പിന്നീട് ശാസ്ത്രീയമായി സംസ്‌കരിക്കും. അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. 14p