ആലങ്ങാട്: കരുമാലൂരിലെ സാധാരണ ജനങ്ങളുടെ ആശ്രയമാണ് കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യരംഗത്തെ പുത്തന്‍ ഉണര്‍വിനായി നടപ്പിലാക്കിയ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് കരുമാലൂര്‍ പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. അത്യാവശ്യ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന കെട്ടിടത്തില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പി എച്ച് സി യില്‍ ഇന്ന് രോഗികള്‍ക്ക് ആശ്വാസമായി ദിവസവും നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ മികച്ച ലാബ് സൗകര്യം, ഫാര്‍മസി, ഒ പി കൗണ്ടര്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ലഭ്യമാണ്.
രാവിലെ 8.30 മുതല്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ഒ പി കൗണ്ടറില്‍ നിന്നും ചീട്ട് എടുക്കുന്ന രോഗികള്‍ ശരീരഭാരം, പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഡോക്ടറെ കാണുന്നത്. അഞ്ചു രൂപയാണ് ചീട്ടിന് ചാര്‍ജ്. ഇത് ഒരു മാസത്തിനുശേഷം പുതുക്കിയാല്‍ മതി. കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന സൗജന്യമാണ്.
കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ദിവസവും 400 മുതല്‍ 500 വരെ രോഗികള്‍ ഇവിടെയെത്തുന്നുണ്ട്. മികച്ച പാലിയേറ്റീവ് കെയര്‍ സേവനങ്ങളും പഞ്ചായത്തില്‍ നടത്തുന്നുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കരുമാലൂര്‍ പഞ്ചായത്തിന് കീഴില്‍ വരുന്ന ഭാഗങ്ങള്‍ തിരിച്ച് വീടുകളില്‍ പോയി രോഗ പരിപാലനം നടത്തും. ഇവ കൂടാതെ കിണര്‍ ക്ലോറിനേഷന്‍, പരിസര ശുചീകരണവും എന്നിവയും നടത്തുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക പരിപാലനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. മാസത്തിലൊരിക്കല്‍ മെന്റ ഹെല്‍ത്ത് ക്യാമ്പും സംഘടിപ്പിക്കുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശ്വാസ് ക്ലിനിക്, ശ്വാസ് ക്ലിനിക്ക് എന്നീ സേവനങ്ങളും ലഭ്യമാണ്. ആവശ്യമായ രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ആംബുലന്‍സ് സൗകര്യവും ഉണ്ട്.
ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതിയ ഹോസ്പിറ്റല്‍ കെട്ടിടവും കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുങ്ങിയിട്ടുണ്ട്. ഇത് ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. പുതിയ കെട്ടിടത്തില്‍ ഒ പി സൗകര്യം, ഇ- ഹെല്‍ത്ത്, ഫാര്‍മസി എന്നിവ ഒരുക്കും. രോഗികളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന സംവിധാനം നിലവില്‍ വരും. 90 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചത്.
ആലുവ പറവൂര്‍ പ്രധാന റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം മറ്റ് പഞ്ചായത്തില്‍ നിന്നുള്ളവരുടെയും ആശ്വാസ കേന്ദ്രമാണ്. വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തന സമയം. ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചവരെ സേവനം ലഭ്യമാണ്.