എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച നേട്ടവുമായി വയനാട് ജില്ലയിലെ പൊതുവിദ്യാലയങ്ങൾ.
ജില്ലയിലെ 18 സർക്കാർ സ്‌കൂളുകൾ ഈ വർഷം 100 ശതമാനം വിജയം കരസ്ഥമാക്കി. ഗവൺമെന്റ് ഹൈസ്‌കൂൾ നീർവാരം, ജി.എച്ച്.എസ് വൈത്തിരി, ജി.വി.എച്ച്.എസ്.എസ് കരിംകുറ്റി, ജി.എച്ച്.എസ്.എസ് കോളേരി, ജി.എസ്.വി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി, എ.എം.ആർ ഗവ. എച്ച്.എസ്.എസ് നല്ലൂർനാട്, ആർ.ജി.എം.ആർ.എച്ച്.എസ്.എസ് നൂൽപ്പുഴ, ജി.എം.ആർ.എസ് കല്പറ്റ, ജി.എം.ആർ.എസ് പൂക്കോട്, ഗവ. ആശ്രമം സ്‌കൂൾ തിരുനെല്ലി, ജി.എച്ച്.എസ് പേരിയ, ജി.എച്ച്.എസ് കുഞ്ഞോം, ജി.എച്ച്.എസ് വാളവയൽ, ജി.എച്ച്.എസ് അതിരാറ്റുകുന്ന്, ഗവ. ഹൈസ്‌കൂൾ വാരാംപറ്റ, ജി.എച്ച്.എസ് തൃക്കൈപ്പറ്റ. ജി.എച്ച്.എസ് റിപ്പൺ, ജി.എച്ച്.എസ് പുളിഞ്ഞാൽ എന്നി സർക്കാർ സ്‌കൂളുകളാണ് മികച്ച വിജയം നേടിയത്. ഡബ്ല്യൂ.ഒ. എച്ച്.എസ്.എസ് പിണങ്ങോട്, നിർമല എച്ച്.എസ് തരിയോട്, അസംപ്ക്ഷൻ എച്ച്.എസ് ബത്തേരി എന്നി എയ്ഡഡ് സ്‌കൂളുകളും ജില്ലയിൽ 100 ശതമാനം വിജയം കരസ്ഥമാക്കി

പരീക്ഷ എഴുതിയ 12,128 പേരിൽ 11,306 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. എ പ്ലസിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ജില്ലയിലെ സ്‌കൂളുകൾ. സർക്കാർ സ്‌കൂളുകളിൽ 233 കുട്ടികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. അതിൽ 77 ആൺകുട്ടികളും 156 പെൺകുട്ടികളുമാണുള്ളത്. എയ്ഡഡ് സ്‌കൂളുകളിൽ 430 കുട്ടികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. അതിൽ 144 ആൺകുട്ടികളും 286 പെൺകുട്ടികളുമാണുള്ളത്. ജില്ലയിൽ മൊത്തം 815 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.

100 ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (94) പരീക്ഷ എഴുതിയത് സുൽത്താൻ ബത്തേരി ജി.എസ്.വി.എച്ച്.എസ് സ്‌കൂളിലാണ്. ഇവിടെ മൂന്നു കുട്ടികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഏറ്റവും കുറവ് കുട്ടികൾ (21) പരീക്ഷ എഴുതിയത് ജി.എച്ച്.എസ് തൃക്കൈപറ്റ സ്‌കൂളിലാണ്. എറ്റവും കൂടുതൽ എ പ്ലസ് നേടിയത് ജി.എച്ച്.എസ് കോളേരി സ്‌കൂൾ ആണ്. ആറ് കുട്ടികളാണ് ഇവിടെ നിന്നും എ പ്ലസ് നേടിയത്. ജില്ലയിലെ ഈ വർഷത്തെ മൊത്തം വിജയശതമാനം 93.22 ആണ്.