വയനാട്ടിൽ കോളറ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ അടിയന്തര യോഗം ചേർന്നു. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. രോഗം പടരുന്ന സാഹചര്യം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. തോട്ടംമേഖലയിൽ എസ്‌റ്റേറ്റ് മാനേജ്‌മെന്റുകൾ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കണം. ജലജന്യരോഗങ്ങൾ തടയാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
തൊഴിൽ നൽകുന്നതിനു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപോർട്ട് ആരോഗ്യവകുപ്പിന് കൈമാറാൻ ഹാരിസൺ മലയാളം പ്ലാന്റേഷൻ പ്രതിനിധികളോട് കളക്ടർ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങൾ പൊലീസിന് നൽകുന്നതിനൊപ്പം പകർപ്പ് തൊഴിൽവകുപ്പിനും ലഭ്യമാക്കണം. രോഗബാധിത മേഖലയിൽ രണ്ടു കിണറുകളും മൂന്നു കുടിവെള്ള ടാങ്കുകളുമുണ്ട്. പരിസരങ്ങളിലും എസ്റ്റേറ്റ് പാടികളിലും സൂപ്പർ ക്ലോറിനേഷനു പുറമെ സമീപ പ്രദേശങ്ങളിലും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
കോളറ സ്ഥിരീകരിച്ച മേഖലയിൽ എസ്‌റ്റേറ്റ് പാടികളിലെ സെപ്റ്റിക് പൈപ്പിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംയുക്ത പരിശോധനയും തുടങ്ങിയിട്ടുണ്ട്. തൊഴിൽ-ആരോഗ്യവകുപ്പുകളും എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളുടെയും നേതൃത്തിലാണ് പരിശോധന. പൊട്ടിയ പൈപ്പുകൾ കണ്ടെത്തുന്ന മുറയ്ക്ക് അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ, എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.