മഴക്കാലപൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധയജ്ഞം എന്നിവയുടെ ഭാഗമായി മെയ് 11, 12 തിയ്യതികളിൽ നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തിൽ മാനന്തവാടി നഗരസഭയിലെ 36 ഡിവിഷനുകളിലായി 3200 പേർ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ വി.ആർ പ്രവീജിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മെയ് 11ന് പൊതുസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങൾ, റോഡുകളുടെ വശങ്ങൾ, പൊതുകിണറുകൾ, നീർച്ചാലുകൾ, പൊതുകുളങ്ങൾ എന്നിവ വൃത്തിയാക്കും. മെയ് 12ന് വാർഡ് അടിസ്ഥാനത്തിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സംസ്‌കരിക്കും. വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയും കൗൺസിലർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.