കൊച്ചി: കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച റോഷ്നി പദ്ധതി വൻ വിജയത്തിലേക്ക്. സ്വന്തം ദേശവും ഭാഷയും ഉപേക്ഷിച്ച് ജീവിതം പടുത്തുയർത്തുവാൻ കേരളത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളികൾക്ക്‌ കുട്ടികളുടെ വിദ്യഭ്യാസം ആദ്യഘട്ടത്തിൽ വലിയ പ്രശ്നമായിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾ കൊഴിഞ്ഞു പോകുന്നത് തടയാനായി ആവിഷ്കരിച്ച പദ്ധതി ഇന്ന് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ആശ്രയമാണ്.

താങ്ങായി റോഷ്നി എത്തിയപ്പോൾ അഥിതിയായെത്തിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ അഭിമാനമായിരിക്കുകയാണ്. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മിന്നുന്ന നേട്ടമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചിരിക്കുന്നത്. 18 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. റോഷ്നി പദ്ധതിയിൽ ജില്ലയിലെ ആദ്യ ബാച്ചാണ് ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയത്. ബിനാനിപുരം ഗവൺമെൻറ് ഹൈസ്കൂളിലെ എം ദിൽഷാദ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും കരസ്ഥമാക്കി. തൃക്കണാവട്ടം എസ് എൻ എച്ച് എസ് വിദ്യാലയത്തിലാണ് ഏറ്റവും കൂടുതൽ അഥിതി തൊഴിലാളികളുടെ കുട്ടികൾ പരീക്ഷ എഴുതിയത്. ഒമ്പത് വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതിൽ ആര്യൻ ഗുപ്ത എന്ന വിദ്യാർത്ഥി 9 എ പ്ലസ്സും നന്ദന മധു ദേശ്പാണ്ഡേ എന്ന വിദ്യാർത്ഥിനി 8 പ്ലസ്സും കരസ്ഥമാക്കിയിട്ടുണ്ട്. ബിനാനിപുരം ഗവൺമെൻറ് ഹൈസ്കൂളിൽ നാല് വിദ്യാർഥികളും എളമക്കര ഗവൺമെൻറ് ഹൈസ്കൂളിൽ 5 ഇതര സംസ്ഥാന വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. മലയാളം മാതൃഭാഷ അല്ലെങ്കിലും മലയാളത്തിൽ അതിൽ ഒന്നും രണ്ടും പേപ്പറുകളിൽ എ പ്ലസ്സും വിദ്യാർത്ഥികൾ സ്വന്തമാക്കി.

റോഷ്നി ആരംഭം

ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ചേർക്കുന്നതിനായി സർവ്വശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ശ്രമങ്ങൾ നടത്തി. ഇതിൻറെ ഫലമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനെത്തി. എന്നാൽ ക്ലാസ് മുറികളിൽ പ്രധാന ഭാഷ മലയാളം ആയതിനാൽ ഹിന്ദി, ബംഗാളി, ഓറിയ, ആസാമി, മറാഠി ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്ക് പഠനം പ്രയാസമായി. കുട്ടികൾ വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞു പോകുന്നതിന് കാരണമായി. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ റോഷ്നി പദ്ധതി വിദ്യാലയങ്ങളിൽ ആവിഷ്കരിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. സ്കൂൾ പ്രായക്കാരായ മൂവായിരത്തിലധികം ഇതര സംസ്ഥാന കുട്ടികൾ ജില്ലയിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.

നാലുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ബിനാനിപുരം പൂരം ഗവൺമെൻറ് ഹൈസ്കൂളിൽ ആരംഭിച്ച പദ്ധതി ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. ഒപ്പം ജില്ലയിൽ കുടിയേറ്റ തൊഴിലാളികളുടെ മക്കൾ ഏറ്റവും കൂടുതൽ പഠിക്കുന്ന തൃക്കണാവട്ടം യൂണിയൻ എൽ പി സ്കൂൾ, പൊന്നുരുന്നി ഗവണ്മെന്റ് എൽ പി സ്കൂൾ, കണ്ടന്തറ ഗവ. യു.പി സ്കൂൾ, എന്നീ വിദ്യാലയങ്ങളിലും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കി. ഇവിടെ വിജയം കണ്ടതിനെ തുടർന്ന് 14 സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിച്ചു. ജി.എൽ.പി.എസ് പള്ളിലാംകര, ജി.യു.പി.എസ് നോർത്ത് വാഴക്കുളം, ജി.യു.പി.എസ് നോർത്ത് അല്ലപ്ര, നിർമ്മല എൽ.പി.എസ് മലമുറി, ജി.എൽ.പി.എസ് മലയിടംതുരുത്ത്, ജി.എൽ.പി.എസ് ഉളിയന്നൂർ, സി.കെ.സി എൽ.പി പൊന്നുരുന്നി, ജി.എൽ.പി.എസ് തൃക്കാക്കര, എൽ.എഫ് യു.പി കലൂർ, സെന്റ്. ജോസഫ്സ് യു.പി സ്കൂൾ കടവന്ത്ര, സെന്റ്. ജോർജ് യു.പി പൂണിത്തുറ, കെ.എം.യു.പി.എസ് എരൂർ, ജി.എച്ച്.എസ് നെല്ലിക്കുഴി, എസ്.എൻ.എച്ച്.എസ് തൃക്കണാർവട്ടം, തുടങ്ങിയ സ്കൂളുകളിലാണ് ശേഷം പദ്ധതി ആരംഭിച്ചത്.

കേരളത്തിലെ ക്ലാസ് മുറികളിൽ റോഷ്നി പദ്ധതി വഴി ഒരു മിനി ഇന്ത്യയാണ് രൂപപ്പെടുന്നത്. ഇന്ന് ജില്ലയിലെ 20 വിദ്യാലയങ്ങളിലായി അറുന്നൂറോളം വിദ്യാർത്ഥികളാണ് റോഷ്നി പദ്ധതിയിൽ വിദ്യ അഭ്യസിക്കുന്നത്. അടുത്ത അധ്യയന വർഷം 40 വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സർവ ശിക്ഷാ അഭിയാൻ, സന്നദ്ധസംഘടനകൾ, ബി പി സി എൽ എന്നിവയുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.

റോഷ്നി പാഠ്യപദ്ധതി

അറിവിൻറെ ചിറകിലേറി ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന വിദ്യാർഥികൾക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നൽകുന്നതിനുള്ള കോഡ് സ്വിച്ചിങ്, സ്കൂൾ സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂർ കുട്ടികൾക്ക് താല്പര്യമുള്ള ഭാഷയിൽ പ്രത്യേക പരിശീലനം, ലഘു പ്രഭാത ഭക്ഷണം, സമഗ്ര വിദ്യാഭ്യാസ ത്തിൻറെ ഭാഗമായി ശിൽപ്പശാലകൾ, പഠനയാത്രകൾ തുടങ്ങിയവ പാഠ്യപദ്ധതി ഉൾപ്പെടുത്തിയാണ് റോഷ്നിയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. വിവിധ ഭാഷക്കാരായ കുട്ടികളെ പാഠ്യവിഷയം ചിത്രങ്ങളുടെയോ, വീഡിയോയുടെ മോ, വസ്തുക്കൾ നേരിട്ട് പരിചയപ്പെടുത്തിയോ ക്ലാസിന്റെ ഭാഗമാകുന്ന പഠന ക്രമമാണ് കോഡ് സ്വിച്ചിങ് . ആദ്യം ആദ്യം കുട്ടികളുടെ ഭാഷയിൽ പരിചയപ്പെടുത്തുന്ന വാസ്തുവിനെ എന്താണ് പറയുന്നതെന്ന് ചോദിക്കുകയും പിന്നീട് മലയാളത്തിൽ അത് എന്താണെന്ന് പറഞ്ഞു കൊടുക്കുകയുമാണ് അധ്യാപകർ ചെയ്യുന്നത്. ഇങ്ങനെ കുട്ടികളുടെ മാതൃഭാഷയിലൂടെ അവർക്ക് മലയാളഭാഷയെ പരിചയപ്പെടുത്തുന്നു.

രാവിലെ എട്ട് മണിക്ക് ക്ലാസുകൾ ആരംഭിക്കും. ബി പി സി എല്ലിന്റെ സഹായത്തോടെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകും. ഒരു കുട്ടിക്ക് 20 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടാതെ 10 രൂപ സ്റ്റേഷനറി ഉപകരണങ്ങൾ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്.

ബംഗാളി, ഒറിയ, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന സന്നദ്ധപ്രവർത്തകരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

താങ്ങായി റോഷ്നി; എ പ്ലസ് നിറവിൽ ദിൽഷാദ്

മലയാളം എഴുതാനോ പറയാനോ അറിയാതെ ബിനാനിപുരം ഗവൺമെൻറ് ഹൈസ്കൂളിൽ എത്തിയ ദിൽഷാദ് കഠിനാധ്വാനം കൊണ്ടാണ് വിദ്യാലയത്തിലെ മിന്നും താരമായത്. പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ മോശമായിരുന്ന തന്നെപ്പോലുള്ള ഇതര സംസ്ഥാന വിദ്യാർഥികൾക്കു വേണ്ടി ആവിഷ്കരിച്ച റോഷ്നി പദ്ധതി ഏറെ ഗുണപ്രദമാണെന്ന് ഒട്ടും ബീഹാറി ചൊവയില്ലാത്ത ശുദ്ധ മലയാളത്തിൽ ദിൽഷാദ് പറയുന്നു. സ്പെഷ്യൽ ക്ലാസുകളും, രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും റോഷ്നി വഴി ലഭിക്കും. പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് പഠിച്ച് ഭാവിയിൽ എൻജിനീയർ ആവണം എന്നാണ് തൻറെ ആഗ്രഹമെന്നും ദിൽഷാദ് പറഞ്ഞു. 19 വർഷം മുമ്പ് ജീവിത മാർഗം തേടി കേരളത്തിലേക്ക് എത്തിയ ബിഹാറിലെ ദർബംഗ സ്വദേശി സാജിദ് ഭുട്ടു,അബിത ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തവനാണ് മുഹമ്മദ് ദിൽഷാദ്.

റോഷ്നി കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ രംഗത്ത് പ്രകാശമായി മാറിയ റോഷ്നി പദ്ധതിയുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങളാണ് ഈ വർഷം കുട്ടികൾക്കായി നടപ്പിലാക്കുന്നത്. കുട്ടികളുടെ യുടെ കുടുംബാന്തരീക്ഷം, ഭൗതികസാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി സർവ്വേ നടത്തും. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കാനായി എൻ എച്ച് എമ്മിന്റെ സഹായത്തോടെ ഹെൽത്ത് കാർഡ് അനുവദിക്കും. ഈ കാർഡിൽ കുട്ടികളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾ രേഖപ്പെടുത്തുകയും ഡോക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കുകയും ചെയ്യും. ലേബർ ഡിപ്പാർട്ട്മെൻറ് സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ആവാസ് ഇൻഷുറൻസ് പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അധിക തൊഴിലാളികൾക്കും കുടുംബത്തിനും ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും.

കൾച്ചറൽ എക്സ്ചേഞ്ച്

ഇതരസംസ്ഥാന വിദ്യാർത്ഥികളുടെ കലാപരമായ മേന്മകളും അഭിരുചികളും പ്രകടിപ്പിക്കുന്നതിന് ആവിഷ്കരിക്കുന്ന പരിപാടിയാണ് കൾച്ചറൽ എക്സ്ചേഞ്ച്. കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ കൾ പ്രകടിപ്പിക്കുന്നതിന് സമ്മർ ക്യാമ്പുകൾ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും. സ്വന്തം നാട്ടിലെ കലാരൂപങ്ങളും കേരളത്തിലെ കലാരൂപങ്ങളും ഇഴചേർന്ന് പരിപാടികൾ സംഘടിപ്പിക്കുക, അതുപോലെ ഭക്ഷണക്രമങ്ങളിലെ വ്യത്യാസം വസ്ത്രധാരണ രീതിയിലെ വ്യത്യാസം എന്നിവയെല്ലാം പരസ്പരം കൈമാറിയിള്ള സാംസ്കാരിക സംയോജനമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ കലാപരമായ വാസനകളും താൽപര്യങ്ങളും അവതരിപ്പിക്കുന്നതിനുള്ള വേദി മാത്രമല്ല, മറിച്ച് അവധിക്കാലങ്ങളിൽ ഇതര സംസ്ഥാന കുട്ടികൾക്ക് പോകാൻ മറ്റൊരാമില്ലാത്തതിനാൽ അവരുടെ മാനസികമായ സന്തോഷത്തിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് റോഷ്നി കോഡിനേറ്റർ സി കെ പ്രകാശ് പറഞ്ഞു. കൂടാതെ പഠന യാത്രകളും കുട്ടികൾക്കായി സംഘടിപ്പിക്കും.

അഥിതി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ ഉന്നതിക്കായി ആവിഷ്കരിച്ച റോഷ്നി പദ്ധതി കൂടുതൽ ഉണർവോടെ കൂടുതൽ വിദ്യാലയങ്ങളിലേക്ക് നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം. ദിൽഷാദിനെയും ആര്യൻ ഗുപ്തയെയും നന്ദനയെയും പോലുള്ള വിദ്യാർഥികൾ വരും വർഷങ്ങളിൽ റോഷ്നി പദ്ധതിയുടെ ഭാഗമായി കേരള മണ്ണിന് അഭിമാനമാം വിധം വിജയക്കൊടി പാറിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.