സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ന് തിരുവനന്തപുരത്ത് തുടക്കമായി. വിദ്യാർത്ഥികൾക്ക് സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പരിപാടി പൊതുവിദ്യാഭ്യാസവകുപ്പാണ് സംഘടിപ്പിക്കുന്നത്. എസ്.സി.ഇ.ആർ.ടി.യുടെ ആഭിമുഖ്യത്തിൽ കൈമനം ആർ.ടി.ടി.സിയിൽ ആരംഭിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.പി.ഐ. ജെസി ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആർ.ടി. കരിക്കുലം തലവൻ ഡോ.എസ്.രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ ചിത്രാ മാധവൻ, രമേഷ്.കെ, സുദർശനൻ, ഡോ.പി.ടി.അജീഷ്, അഞ്ജന വി.ആർ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസിലെ 84 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വിദ്യാർത്ഥികൾ പത്താം ക്ലാസ് പഠനം പൂർത്തിയാകുന്നതുവരെ ഓരോ വർഷവും അവധിക്കാലത്ത് ഇത്തരം പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം നൽകും. ക്യാമ്പ് ഈ മാസം 19 ന് സമാപിക്കും.