ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശത്തോടെ നടപ്പാക്കുന്ന ‘പെന്‍സില്‍’ എന്ന് പേരിട്ടിരിക്കുന്ന പരിസര ശുചീകരണ പദ്ധതിയുടെ നെടുങ്കണ്ടം ബ്ലോക്ക്തല പരിശീലനം സമാപിച്ചു. രാജകുമാരി പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം രാജകുമാരി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ജോയ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, കില, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അവധിക്കാല ക്യാമ്പ് പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കുന്നത്. പെന്‍സില്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓരോ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും പരിശീലനം ലഭിച്ച കുടുംബശ്രീ പ്രതിനിധികള്‍ ഓരോ വാര്‍ഡിലെയും 5 കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കും. ഇത്തരത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തില്‍ മറ്റു കുട്ടികളെക്കൂടി സംഘടിപ്പിച്ച് വാര്‍ഡ് തലത്തില്‍ മാലിന്യം നീക്കം ചെയ്ത് പരിസരം ശുചീകരിക്കുന്നതാണ് പദ്ധതി.
നെടുങ്കണ്ടം ബ്ലോക്കിലെ ആദ്യഘട്ട പരിശീലന പരിപാടി നെടുങ്കണ്ടം കമ്യുണിറ്റി ഹാളിലും, രണ്ടാം ഘട്ടം രാജകുമാരി പഞ്ചായത്ത് ഹാളിലുമാണ് സംഘടിപ്പിച്ചത്. രണ്ടാം ഘട്ട പരിശീലന പരിപാടിയില്‍ രാജകുമാരി, രാജക്കാട്, സേനാപതി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. ഹരിതമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ് വിനയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ നെടുങ്കണ്ടം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു മോള്‍ വി.എസ് തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ജില്ല റിസോഴ്‌സ് പേഴ്‌സണ്‍ ആശ സന്തോഷ്, ആന്‍സി മാത്യു, അനില പ്രദീപ്, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.