കാട്ടാനശല്യം നിലനില്‍ക്കുന്ന ആറങ്ങോട്ട് കുളമ്പിലെ അടിക്കാടുകള്‍ ഇന്ന് മുതല്‍ വെട്ടി തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ പാലക്കാട് ഡി.എഫ്.ഒ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിക്കാട് വെട്ടിമാറ്റിയാല്‍ ആനകളെ ദൂരെ നിന്ന് കാണാന്‍ കഴിയുകയും ആനകള്‍ അടുത്ത കാടുകളിലേക്ക് കയറിപ്പോവുകയും ചെയ്യും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനവാസ മേഖലകളിലെ വീടുകളോട് ചേര്‍ന്നും വഴിയോരങ്ങളിലുമെല്ലാം കാടുപിടിച്ചുകിടന്നിരുന്ന ഭാഗങ്ങള്‍ വനംവകുപ്പ് വെട്ടി മാറ്റിയിരുന്നു. കൂടാതെ ജനവാസ മേഖലകളിലും മറ്റു പ്രദേശങ്ങളിലുമായി വനം വകുപ്പ് ജീവനക്കാരെയും വാച്ചര്‍മാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കാട്ടാന ഇറങ്ങുകയാണെങ്കില്‍ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വാളയാര്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു.
