തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയിലൂടെ (എ.ബി.സി) ജില്ലയില്‍ വന്ധ്യംകരിക്കപ്പെട്ടത് 29468 പട്ടികള്‍. പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പാണ് ജില്ലയില്‍ പദ്ധതിയുടെ 50 ശതമാനത്തോളം ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. 2016 ആഗസ്റ്റില്‍ ആരംഭിച്ച പദ്ധതി നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയാണ്.
നിലവില്‍ ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. പാലക്കാട് കേന്ദ്രത്തില്‍ 5478, ഒറ്റപ്പാലം 6311, ചിറ്റൂര്‍ 6385, ആലത്തൂര്‍ 5794, കൊടുവായൂര്‍ 5520 പട്ടികളേയുമാണ് വന്ധ്യംകരണത്തിന് വിധേയമാക്കിയിരിക്കുന്നത്. ഒരു വര്‍ഷം 12000 പട്ടികളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യം നേടാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
പദ്ധതി ആരംഭിക്കുമ്പോള്‍ ജില്ലയില്‍ 65000 പട്ടികളാണ് ഉണ്ടായിരുന്നത്. ഇവയെ വന്ധ്യംകരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഫണ്ട് കണ്ടെത്തുകയും ജില്ലാ പഞ്ചായത്തിന്റെ നിരീക്ഷണത്തില്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ടിന്റെ അഭാവവും വന്ധ്യംകരണ കേന്ദ്രങ്ങളുടെ അഭാവവും പദ്ധതിക്ക് തടസമാകുന്നുണ്ട്. ഒരു ഗ്രാമപഞ്ചായത്തിന് ഒരു വര്‍ഷം 233 പട്ടികളെ വന്ധ്യംകരിക്കുന്നതിനായി 3.5 ലക്ഷം രൂപയാണ് നല്‍കുന്നത്.
പൊതു സ്ഥലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ധാരാളമായി ഉണ്ടാകുന്നതു മൂലവും തെരുവുനായ്ക്കള്‍ പെരുകുന്നുണ്ട്. മാംസാഹാരം കൂടുതലായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതിനാല്‍ ഇത്തരം മേഖലകള്‍ കേന്ദ്രീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.