കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറവ്
ജനുവരി മുതല്‍ മെയ് 16 വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 എന്നിവ ബാധിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 19 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം ബാധിച്ചിരുന്നതായാണ് കണക്ക്. ഇതുവരെ രോഗം ബാധിച്ച് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാലും ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ്് മാസത്തെ പ്രളയത്തില്‍ പകര്‍ച്ചാവ്യാധി ഉറവിടങ്ങള്‍ നശിച്ചത് അസുഖങ്ങള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ആരോഗ്യവകുപ്പ് ജനുവരി മുതല്‍ സംസ്ഥാന തലത്തില്‍ ‘ആരോഗ്യ ജാഗ്രത 2019’ പദ്ധതിയിലൂടെ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നുണ്ട്. വിവിധ വകുപ്പുകളുമായി യോഗം ചേര്‍ന്നാണ് ഒരു വര്‍ഷത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്്. ഇതോടനുബന്ധിച്ച് ജില്ലയില്‍ എല്ലാ മാസവും പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിവരുന്നുണ്ട്. ത്രിതല പഞ്ചായത്ത്, നഗരസഭ തല യോഗങ്ങള്‍ ചേരുകയും ഓരോ മാസവും നടത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ശുചിത്വമിഷനും വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുായി 1487 വാര്‍ഡുകളിലും 2651 പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 156374 വീടുകള്‍ സന്ദര്‍ശനം നടത്തുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. 175780 കണ്ടെയ്നറുകള്‍ നീക്കം ചെയ്തു. ഏപ്രിലില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യജാഗ്രതാ പാലനം വിലയിരുത്തുകയും ഡെങ്കിപ്പനി പരത്തുന്ന ഈഡിസിന്റെ ഉണങ്ങിയ ഉറവിടങ്ങളും പ്രധാന ഉറവിടങ്ങളും നീക്കം ചെയ്യുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. കൂടാതെ ഏപ്രില്‍ മുതല്‍ എല്ലാ മാസങ്ങളിലും ആഴ്ചയിലൊരിക്കല്‍ സ്കൂളുകളിലും വീടുകളിലും ഓഫീസുകളിലും ആരോഗ്യ ജാഗ്രതാ ദിനാചരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഹെല്‍ത്തി കേരള ക്യാമ്പയിന് സംഘടിപ്പിക്കുന്നുണ്ട്.