സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതി നിര്‍വഹണത്തില്‍ തീരുമാനമെടുക്കുന്നതിനുമായി വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
കവി സച്ചിദാനന്ദന്‍, ചന്ദ്രഹാസന്‍, കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണന്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണനാചാരി, കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ വി.കെ. ജോസഫ്, മേതില്‍ ദേവിക, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, മല്ലിക സാരാഭായി, സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനന്‍, കോസ്റ്റ്‌ഫോര്‍ഡ് ആര്‍ക്കിടെക്റ്റ പി.ബി. സാജന്‍ എന്നിവരാണ് സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വിദഗ്ധ കമ്മിറ്റിയിലുള്ളത്.
ആര്‍ക്കിടെക്റ്റ് ജയചന്ദ്രന്‍, റസൂല്‍ പൂക്കുട്ടി, ഫിലിം എഡിറ്റര്‍ ബി. അജിത്ത് കുമാര്‍ കലാസംവിധായകരായ സാബുസിറില്‍ , സന്തോഷ് രാമന്‍, ഛായാഗ്രാഹകരായ മധു അമ്പാട്ട്, കെ.യു. മോഹനന്‍ എന്നിവരാണ് ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ വിദഗ്ധ കമ്മിറ്റിയിലുള്ളത്.
ആര്‍ക്കിടെക്റ്റ് വിനോദ് പി. സിറിയക്, സൗണ്ട് എന്‍ജിനിയര്‍ റസൂല്‍ പൂക്കുട്ടി, ഫിലിം എഡിറ്റര്‍ ബീനപോള്‍, ഷാജി എന്‍. കരുണ്‍, കിന്‍ഫ്ര മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ്ബാബു, സൂര്യ കൃഷ്ണമൂര്‍ത്തി, സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരാണ് ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിനുള്ള വിദഗ്ധ കമ്മിറ്റിയിലെ അംഗങ്ങള്‍.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക വകുപ്പിന്റെ മൂന്നു പദ്ധതികളും നടപ്പാക്കുന്നത്. ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 700 കോടി രൂപയും ഫിലിം സിറ്റിക്കായി 150 കോടി രൂപയും, ചിത്രാഞ്ജലിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സിന് 100 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു പദ്ധതികളുടെയും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരിക്കുന്നത്.