* 13 ജില്ലകളിൽ പരിശീലനം പൂർത്തീകരിച്ചു
* 3000 ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകി

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി ദുരന്തനിവാരണവും, പ്രഥമശുശ്രൂഷയും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദുരന്തനിവാരണപരിശീലനം ഇന്നും(മേയ് 28) നാളെ(മേയ് 29)യുമായി തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം ഒബ്സെർവേറ്ററി ഹിൽസിലെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാന മന്ദിരം ഹാളിൽ ഉച്ചയ്ക്ക് 12ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനവും ബ്രെയിലി ഹാൻഡ് ബുക്കിന്റെ പ്രകാശനവും നിർവഹിക്കും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ പ്രത്യേക പ്രഭാഷണം നടത്തും. ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. മോഹനൻ പരശുവയ്ക്കൽ, ഐ.യു.സി.ഡി.എസ്. ഡയറക്ടർ ഡോ. പി.റ്റി. ബാബുരാജ് എന്നിവർ പങ്കെടുക്കും.
മേയ് 28ന് കാഴ്ച, ശ്രവണ-സംസാര വെല്ലുവിളികൾ നേരിടുന്നവർക്കും 29ന് ചലനശേഷി നേരിടുന്നവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പരിചാരകർ എന്നിവർക്കുമാണ് പരിശീലനം നൽകുന്നത്. മുഴുവൻ സമയം പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. ലിഫ്റ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ ശുചിമുറി, വീൽ ചെയർ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർ വിവിധ ദുരന്തങ്ങളിൽ എങ്ങനെ തയാറെടുക്കണം എന്നതും സി.പി.ആർ. അടക്കമുള്ള പ്രഥമശ്രുശൂഷാ പ്രക്രിയകളും പരിശീലനത്തിന്റെ ഭാഗമാണ്. ശ്രവണ – സംസാര വെല്ലുവിളികൾ നേരിടുന്നവർക്ക് ആംഗ്യഭാഷയിലുള്ള പരിശീലകരുടെ സേവനം ലഭ്യമാണ്. ഒരു വിഭാഗത്തിൽ 50 പേർക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04812731580/9495213248.
സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാരുണ്ടെന്നാണ് സാമൂഹികനീതി വകുപ്പ് 2015ൽ പുറത്തിറക്കിയ  സെൻസസ് ചൂണ്ടിക്കാണിക്കുന്നത്. 2016 ലാണ് പരിശീലനം ആരംഭിച്ചത്. മറ്റു ജില്ലകളിലെ പരിശീലനം പൂർത്തീകരിച്ചു. 3000 ഭിന്നശേഷിക്കാർ പരിശീലനങ്ങളിൽ പങ്കെടുത്തു. മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസാണ് പദ്ധതി തയാറാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ചത്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിനാണ് പരിശീലനത്തിന്റെ ഏകോപന ചുമതല.