കാസർഗോഡ് നേരിടുന്ന കടുത്ത വരള്‍ച്ചയെ അതിജീവിക്കുന്നതുള്‍പ്പെടെ വിവിധോദ്യേശങ്ങളുമായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ബാംബൂ കാപിറ്റല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിയിലൂടെ ജില്ലയെ ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ മുളത്തൈകള്‍ തയ്യാറായി വരുന്നു. 13 ഗ്രാമപഞ്ചായത്തുകളിലും തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള കുഴി നിര്‍മ്മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു.
പദ്ധതിയോടനുബന്ധിച്ച് പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ മുള നഴ്‌സറിയില്‍ പതിനായിരം മുളത്തൈകള്‍ ഉത്പാദിപ്പിച്ചു. ഇതിനകം തൈകള്‍ 60 സെന്റീമീറ്ററോളം വളര്‍ച്ച നേടിയിട്ടുണ്ട്. ആവശ്യമായ ബാക്കി തൈകള്‍ ഉടന്‍ തയ്യാറാകും. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 1300 തൈകള്‍ വീതം ആകെ 24,700 മുളത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. തൈകള്‍ നടുന്നതിനുള്ള കുഴി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 150 ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് ഇതിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. കുഴികളില്‍ നിക്ഷേപിക്കേണ്ട ജൈവവളത്തിനായി പഞ്ചായത്തിലെ വിവിധയിടങ്ങളിലായി എട്ട് വളക്കുഴികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ പലപാളികളായി ജൈവമാലിന്യവും ചാണകവളവും ചേര്‍ത്ത് ഈ ഏപ്രിലില്‍ തന്നെ വളനിര്‍മ്മാണം ആരംഭിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ മൂന്നു ലക്ഷം മുള തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. കാതല്‍ കൂടുതലുള്ളതും ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്നതുമായ ‘കല്ലന്‍ മുള’യാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുക. താരതമ്യേന വ്യാവസായിക സംരംഭങ്ങള്‍ കുറവായ ജില്ലയില്‍ റവന്യൂ ഭൂമി തരിശായി കിടക്കുന്ന സാഹചര്യമാണുള്ളത്. വരണ്ടുണങ്ങിയ ഇത്തരം ചെങ്കല്‍ (ലാറ്ററൈറ്റ്) ഭൂപ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് വിപുലമായ പദ്ധതി തയ്യാറാക്കുന്നത്. ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറക്കി വിടാന്‍ സഹായിക്കുന്ന പ്രധാന സസ്യമാണ് മുള. നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ പദ്ധതിയിലൂടെ സാധിക്കും. കൂടാതെ മുളകള്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കും. രൂക്ഷമായ വരള്‍ച്ച നേരിടുന്ന ജില്ലയ്ക്ക് മുളങ്കാടുകള്‍ കൊണ്ട് പ്രകൃതിയുടെ പ്രതിരോധം തീര്‍ക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
