ഹരിതകേരളം മിഷന്റെ പ്രവർത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ  ഹരിതദൃഷ്ടി പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീൽഡ് തലത്തിലും ജില്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥർ ജിയോടാഗ് ചെയ്ത് വിവരങ്ങൾ അപ്ലോഡ് ചെയ്യും.
കേരളത്തിലെ ജലസ്രോതസുകളുടെ ജലവിതാനവും ജലലഭ്യതയും കണക്കാക്കാൻ കഴിയുന്നുവെന്നത് ഈ ആപ്ലിക്കേഷന്റെ സവിശേഷതയാണ്. ഏതൊരാൾക്കും എല്ലാ ജലസ്ത്രോതസുകളിലെയും ജലനില വിലയിരുത്താൻ ഇതിലൂടെ സാധിക്കുന്നു. പ്രാരംഭഘട്ടത്തിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. കാട്ടാക്കടയിലെ മുഴുവൻ കുളങ്ങളിലും ജലനിരപ്പ് രേഖപ്പെടുത്തുന്നതിനായി സ്‌കെയിലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ക്രമേണ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ജലഉറവകളുടെ പരിപാലനത്തിനു പുറമേ കൃഷി, മാലിന്യസംസ്‌കരണം എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും  കാര്യക്ഷമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ട്രിപ്പിൾ ഐ. ടി. എം. കെ. യാണ് ഹരിതദൃഷ്ടി മൊബൈൽ ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ നടന്ന ജലസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. എസ്. സുനിൽകുമാർ ഹരിത മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു.