* ‘ജലസംഗമം’ ഉദ്ഘാടനം ചെയ്തു

വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയിൽ നല്ല കുതിച്ചുച്ചാട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. നമ്മൾ തുനിഞ്ഞിറങ്ങിയാൽ കാർഷികാഭിവൃദ്ധി സാധ്യമാകും.
ജലം ശുദ്ധമാകുന്നതിന് മാലിന്യസംസ്‌കരണം അവിഭാജ്യഘടകമാണ്. ഉറവിടമാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്‌കരണ പ്ലാൻറുകൾ സാധ്യമാണെന്ന് വിദേശസന്ദർശനവേളയിലെ സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ജലസംരക്ഷണത്തിൽ ശാസ്ത്രീയമായ സമീപനമുണ്ടാകണം. കുട്ടികൾ മുതൽ ഇക്കാര്യത്തിൽ അവബോധം പൊതുബോധമായി വളർത്തണം.
ജലസംരക്ഷണത്തിന്റെ കാര്യത്തിൽ നല്ല ഇടപെടൽ നടത്താൻ നമുക്കായി. ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾത്തന്നെ മികച്ച ഫലമുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശസന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അവർ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ്.
കട്ട പിടിച്ച് മാലിന്യം കിടന്നിരുന്ന നെതർലാൻഡ്‌സിലെ നദികൾ വീണ്ടെടുത്ത് സംരക്ഷിക്കാനായ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധ്യമായതല്ല ഇതൊല്ലാം എന്നതിന് ഉദാഹരണമാണിത്.
നമ്മെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ലോകത്തിന് വലിയ മതിപ്പാണ്. അവർ വരുമ്പോൾ പ്രകൃതിയെ നേരിട്ടറിയാനാണ് വരുന്നത്. അവരിൽനിന്ന് മോശം അഭിപ്രായം വരുന്ന നിലയുണ്ടാകരുത്.
ഒട്ടേറെ നദികൾ വീണ്ടെടുക്കാൻ നമുക്കായി. പ്രളയകാലത്ത് ഈ നദികളിലൂടെ വെള്ളം ഒഴുകി.
തദ്ദേശസ്ഥാപനങ്ങൾക്കും നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. നവകേരളത്തിൽ വെള്ളവും വായുവും എല്ലാം ശുദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടിൽ ഉപയോഗയോഗ്യമായ ജലത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൃഷിക്ക് കൃത്യമായ ജലസേചനം നടത്തിയാൽ വിളയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. കമ്മ്യൂണിറ്റി ഇറിഗേഷൻ സാധ്യതയുൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ ജലസംരക്ഷണ അനുഭവങ്ങൾ ചേർത്തൊരുക്കിയ പുസ്തകം ‘തെളിനീരിന്റെ വിജയഗാഥ’യുടെ പ്രകാശനം തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ ജെയിംസ് മാത്യൂ എം.എൽ.എയ്ക്ക് നൽകി നിർവഹിച്ചു.

ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനമാണ് മാലിന്യസംസ്‌കരണമെന്ന് തദ്ദേശസ്ഥാപനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മാലിന്യപ്രശ്‌നം പരിഹരിക്കുക എന്നത് വികസനപ്രശ്‌നമായി കാണണം. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ നിരവധി മാതൃകകൾ സൃഷ്ടിക്കാൻ ഹരിതകേരളം മിഷനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതകേരളം മിഷൻ പുറത്തിറക്കിയ ‘ഹരിതദൃഷ്ടി’ മൊബൈൽ ആപ്പ് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു. നമ്മുടെ ജലസ്രോതസ്സുകൾ തിരിച്ചുപിടിക്കാനായാൽ കൃഷിയും വളർത്താനാകും. പരസ്പരം ബന്ധപ്പെട്ട് വകുപ്പുകൾക്ക് പ്രവർത്തിക്കാനായതാണ് ഹരിതകേരളം വിജയഗാഥകൾക്ക് കാരണം. ശാസ്ത്രീയമായ രീതികളിലൂടെ തന്നെ നെൽകൃഷി ഉൾപ്പെടെ വിവിധ കൃഷികൾ തിരികെകൊണ്ടുവരാനായി. ഇതുമാത്രമല്ല, ഭൂഗർഭ ജലത്തിന്റെ അളവും ഇതിലൂടെ വർധിപ്പിക്കാനായി. വരുംതലമുറയ്ക്ക് വേണ്ടിയുള്ള വികസന കാഴ്ചപ്പാടോടെയാണ് ഹരിതകേരളം പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ-പുരാവസ്തു,പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചടങ്ങിൽ സംബന്ധിച്ചു.
മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, ജെയിംസ് മാത്യു, ഐ.ബി സതീഷ്, മേയേഴ്‌സ് കൗൺസിൽ പ്രസിഡൻറ് തോട്ടത്തിൽ രവീന്ദ്രൻ, മുനിസിപ്പൽ ചേയർമാൻസ് ചേമ്പർ ചെയർമാൻ വി.വി. രമേശൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ. തുളസീഭായ്, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ കൺസൾട്ടൻറ് എബ്രഹാം കോശി തുടങ്ങിയവർ പങ്കെടുത്തു.