കുറുപ്പംപടി: മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ ഒത്തൊരുമിച്ച് പൂർത്തീകരിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ കുറുപ്പംപടി ടൗൺ ശുചിയാക്കിക്കൊണ്ട് തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ പിന്നീട് വാർഡ്തലത്തിൽ വിപുലമാക്കി. ഒക്കൽ, കൂവപ്പടി, വേങ്ങൂർ, മുടക്കുഴ, അശമന്നൂർ,രായമംഗലം എന്നീ അഞ്ച് പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു.

ഗാർഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഓരോ പഞ്ചായത്തിലും വാർഡ്‌ തലത്തിൽ ആരോഗ്യ ശുചിത്വ സമിതി യോഗം ചേർന്നു.

ഹോട്ടൽ സന്ദർശനത്തോടനുബന്ധിച്ച് 17 ഹോട്ടലുകൾ ഉൾപ്പെടെ 57 ഭക്ഷണശാലകളിൽ പരിശോധന നടത്തി. രായമംഗലം, വേങ്ങൂർ, മുടക്കുഴ, അശമന്നൂർ, കോടനാട് തുടങ്ങിയയിടങ്ങളിലെ തോട്ടം മേഖലകളിൽ പരിശോധന നടത്തി. കൊതുക് നശീകരണത്തെ സംബന്ധിച്ച് തൊഴിലാളികൾക്ക്‌ അവബോധം നൽകി. ചിരട്ട, ഉപയോഗ ശൂന്യമായ മറ്റ് പാഴ് വസ്തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഒക്കൽ പ്രദേശത്ത് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ചു.

കുടിവെള്ള സംരക്ഷണത്തിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് കുളം, കിണർ തുടങ്ങിയവ ക്ലോറിനേഷൻ നടത്തി. വിവിധ ജല സ്രോതസുകളിലെ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

ദേശീയ ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി ഭവന സന്ദർശനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

ഫോട്ടോ ക്യാപ്ഷൻ: കൂവപ്പടി ബ്ലോക്കിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ