കാക്കനാട്: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച അതിഥി തൊഴിലാളികൾക്കാശ്വാസവുമായി തൊഴിൽ വകുപ്പ്. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെയ്ഖ് (18), സേബു ഷെയ്ഖ് (25) എന്നിവരാണ് പോഞ്ഞാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജുവിന്റെ നിർദ്ദേശ പ്രകാരം പെരുമ്പാവൂർ അസി. ലേബർ ഓഫീസർ പി.കെ.നാസർ സ്ഥലത്തെത്തി. മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാക്കിയ ശേഷം പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികളും മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുമുള്ള നടപടികളും ഏകോപിപ്പിച്ചു. തൊഴിൽ വകുപ്പിന്റെ റിവോൾവിംഗ് ഫണ്ടുപയോഗിച്ച് മൃതദേഹങ്ങൾ സൗജന്യമായി വിമാന മാർഗ്ഗം നാട്ടിലേക്കെത്തിക്കുന്നതിനും തൊഴിൽ വകുപ്പുദ്യോഗസ്ഥർ നേതൃത്വം നൽകി.