* ലോക പുകയില വിരുദ്ധദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
ലഹരിമാഫിയയുടെ വേരറുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എക്‌സൈസ്, തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ലഹരിവ്യാപനം തടയാൻ സംസ്ഥാനസർക്കാരിന്റെ നടപടികൾക്കു പുറമെ സമൂഹത്തിന്റെ തുടർച്ചയായ ഇടപെടൽകൂടി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ലോക പുകയിലവിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കുമ്പോൾ പല മാർഗങ്ങളിലൂടെ ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരികയാണ്. എന്തു വൃത്തികെട്ട മാർഗങ്ങളിലൂടെയും പണം ഉണ്ടാക്കണമെന്ന ചിന്തയാണ് ഇതിനുപിന്നിൽ. ലഹരിവിതരണത്തിന് കൂട്ടുനിൽക്കുന്നവർ ആരായാലും കർശനമായ നടപടിയെടുക്കുമെന്നും ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം 18,000 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി പറഞ്ഞു. നിരോധനം കൊണ്ടുമാത്രം പുകയില ഉപയോഗം തടയാൻ കഴിയില്ല. വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാവരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംസ്ഥാനത്ത് വലിയതോതിൽ പുകയില ഉപയോഗം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയർ അഡ്വ.വി.കെ.പ്രശാന്ത് പുകയിലവിരുദ്ധ സന്ദേശം നൽകി. വിമുക്തി പരസ്യചിത്രപ്രകാശനവും അദ്ദേഹം നിർവഹിച്ചു. എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്, വിമുക്തിമിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡി.രാജീവ്, ഡോ. ഷിജു സ്റ്റാൻലി എന്നിവരും സംസാരിച്ചു.
ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ വിമുക്തി ഹസ്ര്വചിത്ര നിർമാണമത്സരത്തിൽ വിജയികളായ കോളേജുകൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. എറണാകുളം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി നിർമിച്ച വിദ്യ എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. കൊല്ലം അഞ്ചൽ സെൻ്‌റ് ജോസഫ് നഴ്‌സിങ് സ്‌കൂൾ, മൂവാറ്റുപുഴ നിർമല കോളേജ് ഓഫ് ഫാർമസി, കോതമംഗലം എം.എ കോളേജ് എന്നിവ രണ്ടാംസ്ഥാനവും മമ്പാട് എംഇഎസ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ കോളേജ്, പരിയാരം ഗവ.ആയുർവേദ കോളേജ് എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു.