നെടുങ്കണ്ടം പഞ്ചായത്തിനെ വിധവാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ഷാജി പി ചാലിയാണ് പ്രഖ്യാപനം നടത്തിയത്. നമ്മുടെ അവകാശങ്ങള്‍ നാം സ്വയം മനസിലാക്കണമെന്നും, വായനയിലൂടെയും കൂട്ടായ്മകളിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെയും നമ്മുടെ അവകാശങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാകുമ്പോഴാണ് അവ ആവശ്യപ്പെടാന്‍ നമ്മള്‍ തയ്യാറാകുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിധവാ സെല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കിലെ പ്രഥമ വിധവാ സൗഹൃദ പഞ്ചായത്താണ് നെടുങ്കണ്ടം. 2200 വിധവകളാണ് പഞ്ചായത്തിലുള്ളത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ വിധവകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് അര്‍ഹമായ ആനൂകൂല്യങ്ങള്‍ ലഭിച്ചെന്നും ഉറപ്പുവരുത്തി. ആനൂകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് അതു നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അദാലത്ത് നടത്തി.
പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. വിധവകള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള കൈപ്പുസ്തകവും വിതരണം ചെയ്തു. പദ്ധതി സമര്‍പ്പണത്തിനു മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളംബര ഘോഷയാത്ര ഒരുക്കി. പരിപാടിയുടെ ഭാഗമായി നടന്ന അദാലത്തിലൂടെ വിധവകളുടെ നിരവധി പരാതികള്‍ പരിഹരിച്ചു. റവന്യൂ, വ്യവസായം, കൃഷി, എക്‌സൈസ്, പോലീസ് തുടങ്ങി പതിനാറോളം സര്‍ക്കാര്‍ വകുപ്പുകളാണ് അദാലത്ത് നടത്തിയത്.
കട്ടപ്പന കുടുംബകോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ദിനേശ് എം പിള്ള, താലൂക്ക് ലീഗല്‍ സര്‍വീസ് സെക്രട്ടറി ഷാജി എബ്രഹാം, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരന്‍, വൈസ് പ്രസിഡന്റ് റാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എന്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ആര്‍ സുകുമാരന്‍ നായര്‍, മോളി മൈക്കിള്‍, ശ്രീമന്ദിരം ശശികുമാര്‍, ഷിഹാബുദ്ദീന്‍ വിവിധ കക്ഷി രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
