ആരോഗ്യരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൂട്ടായ പ്രവര്‍ത്തനവുമാണ് കട്ടപ്പന നഗരസഭയ്ക്ക് ആര്‍ദ്ര കേരളം പുരസ്‌കാരം നേടിയെടുക്കാന്‍ ഇടയാക്കിയതെന്ന് നഗരസഭാധ്യക്ഷന്‍ ജോയി വെട്ടിക്കുഴി. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രംമിഷന്റെ  പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്ര കേരളം പുരസ്‌ക്കാരം നല്കുന്നത്.
2017-18-ലെ  ആര്‍ദ്രകേരളം പുരസ്‌കാരം നഗരസഭാ തലത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കട്ടപ്പന നഗരസഭ കരസ്ഥമാക്കിയത്. ഇത് രണ്ടാം തവണയാണ്  കട്ടപ്പന നഗരസഭയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2015-16 വര്‍ഷത്തിലെ ആര്‍ദ്രകേരളം പുരസ്‌കാരം 2017 ലും നഗരസഭയ്ക്ക് ലഭിച്ചിരുന്നു.10 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

സാംക്രമിക രോഗനിയന്ത്രണത്തിലും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളിലുമുള്ള മികവ്, മാലിന്യ സംസ്‌കരണം,  ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കട്ടപ്പന താലൂക്ക് ആശുപത്രി വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ആയ്യുര്‍വേദ, ഹോമിയോ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യമേഖലയില്‍ നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവയാണ് കട്ടപ്പനയ്ക്ക് അവാര്‍ഡ് ലഭിക്കാന്‍ ഇടയാക്കിയത്.

ആരോഗ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ വിധ ഫണ്ടുകളും നഗരസഭ സമയാസമയങ്ങളില്‍ ലഭ്യമാക്കി വരുന്നതായി നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം കിടപ്പു രോഗികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. 174 കിടപ്പു രോഗികളെ ഇപ്പോള്‍ പരിചരിച്ചുവരുന്നു. കിടപ്പു രോഗികള്‍ക്ക് ആവശ്യമായ വാട്ടര്‍ ബെഡ് പോലുള്ള ഉപകരണങ്ങള്‍ നല്കുകയും കത്തീറ്ററൈസേഷന്‍, ഹോം കെയര്‍ തുടങ്ങിയ പരിചരണങ്ങളും നല്കുകുന്നുണ്ട് .  കിടപ്പു രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍ ‘ എന്ന പദ്ധതിയും നഗരസഭയുടെ പ്രത്യേകതയാണ്. 34 ആശാ പ്രവര്‍ത്തകരും ആരോഗ്യപരിപാലനത്തിനായി നഗരസഭയിലുണ്ട്.
മാതൃ -ശിശു സംരക്ഷണം, ഗര്‍ഭിണി പരിചരണം എന്നിവ ലക്ഷ്യമിട്ടുള്ള മാതൃവന്ദനം പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ആയ്യുര്‍വേദ ആശുപത്രി വഴി നടപ്പാക്കിയ  മാതൃവന്ദനം  പദ്ധതി,  അവാര്‍ഡിന് മുന്നോടിയായി  ഫീല്‍ഡ് വിലയിരുത്തലിന് എത്തിയ മെഡിക്കല്‍ സംഘത്തിന്റെ പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കി. നഗരസഭയിലെ 68 അംഗങ്ങളടങ്ങുന്ന ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം  ശുചിത്വ പരിപാലനത്തില്‍ വലിയ പങ്കുവഹിക്കുണ്ട്.

പുതിയ പദ്ധതികള്‍

ആരോഗ്യമേഖലയില്‍ തുടര്‍ന്നും ശക്തമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നഗരസഭ ആരോഗ്യ- ശുചിത്വത്തിനായി വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യം പടിയായി കട്ടപ്പനയിലെ എല്ലാ സ്ഥാപനങ്ങളിലും 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക്  ഇന്നലെ മുതല്‍ (ജൂണ്‍ 1) നിരോധിച്ചു കഴിഞ്ഞു.

മലിനജലം റീസൈക്ലിംഗിനായി ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള സ്വീവേജ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് ശുചിത്വമിഷന് നല്കി കഴിഞ്ഞു.

രണ്ട് മാസത്തിനകം ബയോ കണ്‍വേര്‍ട്ടര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കട്ടപ്പന ടൗണിലുള്ള ജൈവ മാലിന്യങ്ങള്‍ ബയോ കണ്‍വേര്‍ട്ടിന്റെ സഹായത്തോടെ 18 മണിക്കൂര്‍ കൊണ്ട് ജൈവവളമാക്കി മാറ്റുന്ന പദ്ധതിയാണിത്.

മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച്  ശേഖരിച്ച്  ഹരിതകര്‍മ്മസേനയുടെ സഹായത്തോടെ സംസ്‌കരിക്കുന്ന  വലിയ പ്രോജക്ട്,  സര്‍ക്കാര്‍ ഈ മാസം 4-ാം തീയതി വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ അവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍  ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ  അടിസ്ഥാനത്തിലാണ്  പുരസ്‌കാരം ലഭിച്ചത്. ജൂണ്‍ 6ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്   മുഖ്യമന്ത്രി പിണറായി വിജയനില്‍   അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ എന്നിവര്‍ പറഞ്ഞു.