ഇന്ത്യാ സന്ദര്‍ശനത്തിനായി മാലിദ്വീപില്‍ നിന്നും എത്തിയ ഒരു ആര്‍മി ഓഫീസറും നാല് എന്‍.സി.സി കേഡറ്റുകളും അടങ്ങുന്ന സംഘത്തിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്വീകരണം നല്‍കി. ലഫ്റ്റനന്റ് ഹമംദൂണ്‍ റഷീദ്, സെര്‍ജന്റ് മുഹമ്മദ് സുല്‍ത്താന്‍ ഇബ്രാഹിം, കോര്‍പ്പറല്‍മാരായ മുഹമ്മദ് സെയ്ദാല്‍ റിയാസ്, അമിനാത് നീഷാ നസീം, ഫാത്തിമത് ഷാഫാ എന്നിവരടങ്ങുന്ന സംഘത്തിനാണ് മന്ത്രിയുടെ ചേമ്പറില്‍ സ്വീകരണം നല്‍കിയത്.
തിരഞ്ഞെടുക്കപ്പെട്ട എന്‍.സി.സി കേഡറ്റുകള്‍ക്ക് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് എല്ലാ സാര്‍ക്ക് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുവാന്‍ അവസരമുണ്ട്. ഇതിന്റെ ഭാഗമായാണ് മാലിദ്വീപ് എന്‍.സി.സി സംഘം ഇന്ത്യയിലെത്തിയത്. വിവിധ രാജ്യങ്ങളുടെ വിദ്യാഭ്യാസ, കലാ, സാംസ്‌കാരിക, ഭാഷാ, ആഹാര രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ മനസിലാക്കുന്നതിനും മറ്റ് കേഡറ്റുകളുമായി സംവദിക്കുന്നതിനുമായാണ് സന്ദര്‍ശനങ്ങള്‍.
സംസ്ഥാനത്തു നിന്നും ഈ വര്‍ഷം എട്ട് എന്‍.സി.സി കേഡറ്റുകള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അനൂപ്കുമാര്‍ വി, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.ജി രഞ്ജിത് കുമാര്‍, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ രാജീവ് പി.ജെ, അഡീ.ഡയറക്ടര്‍ ലെഫ്. കേണല്‍ അനീഷ് എം.എസ്, കമാന്‍ഡര്‍ അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
