ശബരിമല: ”ശബരീശന്റെ പൂങ്കാവനം പൊന്നുപോലെ കാക്കണം. ഇരുമുടിക്കുള്ളിൽ പൂജാസാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കൊണ്ടുവരരുത്. അതിവിടെ ഉപേക്ഷിക്കരുത്. പൂങ്കാവനം മലിനമാക്കുന്നത് പാപമാണ്” മുപ്പത്തിനാലുകാരനായ കൂടല്ലൂർ സ്വദേശി മുത്തയ്യയുടെ വാക്കുകൾ കേൾക്കാതെ പോകാനാവില്ല. ഭക്തസഹസ്രങ്ങളെത്തുന്ന സന്നിധാനത്ത് മലപോലെ കൂടുമായിരുന്ന മാലിന്യം പാണ്ടിത്താവളത്തെ ഇൻസിനെറേറ്റർ പ്ലാന്റിൽ സംസ്‌ക്കരിച്ച് പൂങ്കാവനത്തെ കാത്തുസൂക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന 57 പേരിൽ ഒരാളാണ് മുത്തു.
പാണ്ടിത്താവളത്തെ മൂന്നു യൂണിറ്റുകളിലായി ദിവസം ശരാശരി 18 ലോഡ് മാലിന്യമാണ് സംസ്‌ക്കരിക്കുന്നത്. സന്നിധാനം, മരക്കൂട്ടം ഭാഗങ്ങളിൽനിന്ന് സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യം ട്രാക്ടറിൽ യൂണിറ്റിലെത്തിക്കും. മലിനീകരണമുണ്ടാകാത്തനിലയിൽ ശാസ്ത്രീയമായി മാലിന്യം കത്തിക്കുന്നു. കടുത്ത ചൂടിലാണ് ജോലി. മാലിന്യങ്ങൾ തരംതിരിച്ചുമാറ്റിയാണ് സംസ്‌ക്കരണം. ദിവസം മൂന്നു ഷിഫ്റ്റുകളിലായി അമ്പതിലധികം പേരും മൂന്നു ഇൻസിനെറേറ്റർ യൂണിറ്റുകൾ 20 മണിക്കൂറിലധികവും പ്രവർത്തിക്കുന്നതിനാലാണ് മാലിന്യം മലയായി മാറാത്തതെന്ന് യൂണിറ്റുകളുടെ ചുമതലയുള്ള സ്‌കിൽഡ് അസിസ്റ്റന്റ് ആർ. സതിലാൽ പറയുന്നു. എൺവയോൺമെന്റ് എൻജിനീയർ മനോജ് കുമാറിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം.
മണിക്കൂറിൽ 300 കിലോ മാലിന്യം സംസ്‌ക്കരിക്കുന്ന യൂണിറ്റ് 2001ലാണ് ഇവിടെ സ്ഥാപിച്ചത്. ഭക്തരുടെ എണ്ണം വർധിച്ചതോടെ 2008ൽ മണിക്കൂറിൽ 200 കിലോ സംസ്‌ക്കരിക്കാൻ ശേഷിയുള്ള രണ്ടു യൂണിറ്റുകൾ കൂടി സ്ഥാപിച്ചു. വർഷംതോറും ഭക്തരുടെ എണ്ണം കൂടുന്നതിനാൽ ഒരു യൂണിറ്റ് കൂടി സ്ഥാപിക്കേണ്ടിവരുമെന്നാണ് ജോലിക്കാർ കരുതുന്നത്. ”പൂവും മലരും അരിയും നാരങ്ങയും കടലാസുമൊക്കെക്കൂടി കുഴഞ്ഞുമറിഞ്ഞ മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് പണിപ്പെട്ടാണ് തിരിഞ്ഞുമാറ്റുക. ചില്ലുകുപ്പികൾ കൊണ്ട് പലപ്പോഴും കൈയിലും കാലിലും മുറിവുണ്ടാകാറുണ്ട്. പനിനീർ കൊണ്ടുവരുന്ന ലക്ഷക്കണക്കിന് ചെറു പ്ലാസ്റ്റിക് കുപ്പികൾ തരംതിരിക്കാൻ പാടുപെടുന്നു. ഭക്തരെത്തിയാൽ അഹംഭാവം മാത്രമാണ് ഇവിടെ ഉപേക്ഷിക്കേണ്ടത്. മാലിന്യങ്ങളായി മാറുന്ന ഒന്നും ഇവിടെ ഉപേക്ഷിക്കരുത്. ” അറുപത്തിരണ്ടുകാരനായ കുഴിത്തുറൈ സ്വദേശി റ്റി. മണിയൻ പറയുന്നു.
നിരോധനമുള്ളതിനാൽ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായി ഒഴിവായിട്ടില്ല. പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ പ്രത്യേകം മാറ്റി സൂക്ഷിച്ചിരിക്കുന്നു. തുണികൾ ഇവിടെ ഉപേക്ഷിക്കുന്നു. നടയടച്ചാൽ ചിലപ്പോൾ രണ്ടു മൂന്നു ദിവസം കൂടി യൂണിറ്റ് പ്രവർത്തിപ്പിക്കേണ്ടിവരും. പമ്പയിൽ 300 കിലോയുടെ ഒരു ഇൻസിനെറേറ്റർ യൂണിറ്റും 200 കിലോയുടെ രണ്ടു യൂണിറ്റും നിലയ്ക്കലിൽ 300 കിലോയുടെ രണ്ടു യൂണിറ്റും പ്രവർത്തിക്കുന്നു. തൃശൂരിലെ സ്ഥാപനമാണ് സന്നിധാനത്തെ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നത്.
 
പൂങ്കാവനം കാത്തുസൂക്ഷിക്കാൻ അയ്യപ്പന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇൻസിനെറേറ്റർ യൂണിറ്റ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു:
– ഇരുമുടിക്കെട്ടിലെ പൂജാവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കൊണ്ടുവരരുത്. മലരും അവലും ഭസ്മവും ശർക്കരയും മഞ്ഞളും കുങ്കുമവുമൊക്കെ പൊതിയാൻ പരിസ്ഥിതി സൗഹൃദമായ കവറുകൾ, കടലാസുകൾ ഉപയോഗിക്കുക.
– പ്ലാസ്റ്റിക് കുപ്പിയിൽ പനിനീർ കൊണ്ടുവരരുത്. പനിനീർ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമല്ലാത്തതിനാൽ ഒഴിവാക്കാവുന്നതാണ്.
– പൊട്ടിപ്പോകുന്ന കുപ്പികൾ ശബരിമലയിൽ ഉപേക്ഷിക്കരുത്.
– മാളികപ്പുറത്തടക്കം ശബരിമലയിലെവിടെയും തുണികൾ ഉപേക്ഷിക്കരുത്.
– കടലാസുകളും മറ്റും മാലിന്യവീപ്പകളിൽ മാത്രം ഇടുക. കഴിവതും മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കാതിരിക്കുക.
– വെള്ളം കൊണ്ടുവരാൻ പ്ലാസ്റ്റിക് കുപ്പികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. കുടിവെള്ളത്തിന് നിശ്ചിത അകലം ഇടവിട്ട് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വെള്ളം കൈയിൽ കരുതേണ്ടതില്ല.
– പ്രാഥമികാവശ്യങ്ങൾക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കുക. പൂങ്കാവനം മലിനപ്പെടുത്താതെ നോക്കുക.