ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തി. പ്രകൃതിയുടെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യവും പ്രാധാന്യവും ഓര്‍മിപ്പിച്ചാണ്
പരിസ്ഥിതി ദിനം ആചരിച്ചത്.

അട്ടപ്പാടി ബ്ലോക്കില്‍ 17250 തൈകള്‍ വിതരണം ചെയ്തു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അട്ടപ്പാടി ബ്ലോക്കിന് കീഴില്‍ 17250 തൈകള്‍ വിതരണം ചെയ്തു. ഗവ. യു.പി. സ്‌കൂളില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈശ്വരി രേശന്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. 10000 തൈകള്‍ ബ്ലോക്കിനു കീഴിലെ നഴ്‌സറിയില്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയും 7000 തൈകള്‍ സാമൂഹ്യ വനവത്കരണ വകുപ്പില്‍ നിന്നും വാങ്ങിയുമാണ് വിതരണം ചെയ്തത് . തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ മുഖേന തൈകള്‍ നടുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ ,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുഷ്പലത, പി.ടി.എ. പ്രസിഡണ്ട് പ്രേമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അഗളി പഞ്ചായത്തിലെ പരിസ്ഥിതിദിനം ജെല്ലിപ്പാറ വാര്‍ഡിലെ ദൈവകുണ്ട് ഊരില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 2000 തൈകള്‍ തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ മുഖേന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നട്ടു. വാര്‍ഡ് മെമ്പര്‍ ആര്‍. പരമേശ്വരന്‍, തൊഴിലുറപ്പുപദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രകാശ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുമാണ് തൈകള്‍ നട്ടത്.പുതൂര്‍ പഞ്ചായത്തിലെ പരിസ്ഥിതിദിനം ചാളയൂര്‍ ഊരില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ തൈകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു .13 വാര്‍ഡുകളിലായി തൊഴിലുറപ്പ് തൊഴിലാളികള്‍ ആയിരം തൈകള്‍ നട്ടു. ഊരുകളിലെ വീടുകളിലും തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സരസ്വതി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ജോസഫ് ,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു..

വണ്ടാഴി പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തില്‍ മംഗലം ഡാം ടൂറിസം പ്രദേശത്ത് സംഘടിപ്പിച്ച പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം കെ. ഡി. പ്രസേനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഞാവല്‍, ചെമ്പകം എന്നീ തൈകളാണ് നട്ടത്. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവല്ലി മോഹന്‍ദാസ് അധ്യക്ഷയായി. സോഷ്യല്‍ ഫോറസ്ട്രി വിതരണം ചെയ്ത ആയിരം തൈകള്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചു.

നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷം

നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ ഫലവൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പരമേശ്വരന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തു. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫലവൃക്ഷതൈ നടലും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. നെല്ലിയാമ്പതി, മേലാര്‍കോട്, എലവഞ്ചേരി പഞ്ചായത്തുകളിലും പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം പെരുവെമ്പില്‍ നടന്നു. മാതളം, പേര, സീതാപ്പഴം, മണിമരുത്, കൂവളം, മഹാഗണി തുടങ്ങിയവ ഉള്‍പ്പെടെ 3500 തൈകള്‍ പെരുവെമ്പ് പഞ്ചായത്ത് പരിധിയില്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും സമ്പൂര്‍ണ ശുചീകരണ വാര്‍ഡുകളായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പദ്ധതികള്‍ക്കും തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ശശികല അധ്യക്ഷയായി.പട്ടഞ്ചേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു.

ഹരിത പെരുമാറ്റ ചട്ടം പാലിച്ച് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്ന ഓഫീസായി പ്രഖ്യാപിക്കുകയും ഓഫിസിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കൈമാറാനായി മാറ്റുകയും ചെയ്തു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധന്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് പരിസ്ഥിതി ദിന ആചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ബ്ലോക്ക് അങ്കണത്തില്‍ വൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രാമ വികസന വകുപ്പ് ജീവനക്കാര്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.