സഹകരണ മേഖല മാറ്റത്തിന് തയ്യാറാവുകയാണെന്നും അതേസമയം, മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കരുത്തോടെ നേരിടണമെന്നും പട്ടികജാതി-വര്‍ഗ്ഗ- പിന്നാക്കക്ഷേമ – നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 7000 കോടിയുടെ പെന്‍ഷന്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കാന്‍ സഹകരണ മേഖല മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷന്‍, കെയര്‍ ഹോം പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്. വീടും സ്ഥലവും ഇല്ലാത്ത മൂന്നര ലക്ഷം ആളുകള്‍ക്ക് വീടെന്ന സാക്ഷാത്കാരത്തിനായി എല്ലാ ജില്ലയിലും ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ 30 വര്‍ഷമായി കടമ്പഴിപ്പുറം ബാങ്കില്‍ സെക്രട്ടറിയായി വിരമിക്കുന്ന പി. സുബ്രഹ്മണ്യന് മന്ത്രി ഉപഹാരം നല്‍കി.
വനിതകള്‍ക്കായുള്ള പലിശ രഹിത ഇരുചക്ര വാഹന വായ്പയുടെ ഉദ്ഘാടനം വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. എസ് സലീഖ നിര്‍വഹിച്ചു. ലാപ്‌ടോപ്പ് പലിശ രഹിത വായ്പ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ വിതരണം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍, ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ജീവനക്കാരെയും ആദരിച്ചു.
പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ കടമ്പഴിപ്പുറം- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അംബുജാക്ഷി, സി.എന്‍ ഷാജു ശങ്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ടീച്ചര്‍, ജോയിന്റ രജിസ്ട്രാര്‍ (ജനറല്‍) എം.കെ ബാബു, ബാങ്ക് പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ഇന്റേണല്‍ ഓഡിറ്റര്‍ കെ.സുബ്രഹ്മണ്യന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.