കാലാവസ്ഥാ വ്യതിയാനം ഗുരുതര ഭീഷണിയാവുന്ന സാഹചര്യത്തില്‍ വനവത്ക്കരണം വലിയൊരു പ്രസ്ഥാനമാക്കി മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചൂട് കൂടുന്നതോടെ കടല്‍ നിരപ്പ് ഉയരും. ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമാവുകയും കാര്‍ഷികമേഖല തകരുകയും ചെയ്യും. ഇതിനുള്ള പ്രതിവിധി വനവത്ക്കരണമാണെന്നും ഭാവിതലമുറയ്ക്കായി വനവത്ക്കരണ നടപടികള്‍ തുടര്‍ന്നേ മതിയാവൂയെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സജ്ജമാക്കുന്ന പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതിക്കായി അഞ്ച് കോടിരൂപ നീക്കിവെച്ചതായും സീതാര്‍കുണ്ട് പദ്ധതിക്കുള്ള സര്‍വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

കൊല്ലങ്കോട് ഊട്ടറക്ക് സമീപം ഗായത്രി പുഴത്തടത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പച്ചത്തുരുത്ത് മാര്‍ഗ്ഗരേഖ പ്രകാശനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു . പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പയിനാണ് പച്ചത്തുരുത്ത്. വൃക്ഷതൈകള്‍ നടുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറുവനം സൃഷ്ടിച്ച് പരിപാലിക്കുകയാണ് പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതാപനത്തിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള ജില്ലയാണ് പാലക്കാട്. ജില്ലയിലെ പ്രാദേശിക ജൈവവൈവിധ്യത്തെ അതിന്റെ പൂര്‍ണതയില്‍ നിലനിര്‍ത്തുന്നതിനുള്ള പ്രതിരോധമാര്‍ഗത്തിന്റെ ചുവടുവെയ്പ്പായാണ് പച്ചത്തുരുത്തുകള്‍ ആരംഭിക്കുന്നത്.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.ഉദയകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം വി.സത്യപാല്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, സക്കീര്‍ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.